അശ്വന്ത് കോക്ക് സ്പാ ഒരു കഥയില്ലാത്ത പടമാണെന്ന് പറഞ്ഞല്ലോ; എബ്രിഡ് ഷൈനിന്റെ മറുപടി

മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണ് സ്പാ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു പ്രമുഖ റിവ്യൂവറുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍. റിലീസിന് ശേഷം താരങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എബ്രിഡ് ഷൈയിന്റെ പ്രതികരണം.

റിവ്യൂവര്‍ അശ്വന്ത് കോക്ക് സ്പാ ഒരു കഥയില്ലാത്ത പടമാണെന്ന് പറഞ്ഞല്ലോ എന്ന ചോദ്യത്തിന് അശ്വന്ത് അങ്ങനെ പറഞ്ഞതായി തനിക്ക് തോന്നിയില്ല എന്നായിരുന്നു സംവിധായകൻ എബ്രിഡ് ഷൈനിന്‍റെ മറുപടി. അശ്വന്ത് ഒരു ഹേറ്റും സ്പ്രെഡ് ചെയ്തതായിട്ട് താന്‍ കണ്ടില്ല. വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചത്.

ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും ആ സിനിമയോടും വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. കഥയില്ല എന്ന് പറഞ്ഞത് നേരിട്ടുള്ള കഥപറച്ചിലിന്‍റെ രീതിയില്‍ ആലോചിച്ചാല്‍ തനിക്കുതന്നെ കഥ പറയാന്‍ ബുദ്ധിമുട്ടാണ്. തന്നോട് ഈ സിനിമയുടെ കഥ പറയാന്‍ പറഞ്ഞാല്‍ ഒരു സ്ട്രെയ്റ്റ് നരേഷന്‍ ബുദ്ധിമുട്ടാണ്. തിരക്കഥയ്ക്കാണ് ഈ സിനിമയില്‍ പ്രാധാന്യം. ഒരു സിനിമയ്ക്ക് ഇന്ന രീതിയില്‍ കഥ പറഞ്ഞോളണമെന്ന് നിര്‍ബന്ധമില്ല.

ഇത് കണ്ട ആളുകള്‍ക്ക് ഒരു കഥ അന്വേഷിച്ച് പോയാല്‍ കഥ ഉണ്ടാവില്ല എന്നായിരിക്കും അശ്വന്ത് പറഞ്ഞത്. അത് കറക്റ്റ് ആണ്. അതിന്‍റെ ഒരു റിവേഴ്സ് ഓര്‍ഡര്‍ ആണ് ഞാന്‍ പറഞ്ഞത്. റിവേഴ്സ് നരേറ്റീവില്‍ മാത്രമേ അതിന്‍റെ കഥ പറയാന്‍ പറ്റൂ. അതിപ്പോള്‍ ബിജുവിന്‍റെ കഥ (ആക്ഷന്‍ ഹീറോ ബിജു) പറയാന്‍ പറഞ്ഞാലും പ്രയാസമായിരിക്കും. ഒരു പൊലീസുകാരന്‍റെ ഷോര്‍ഡറിലൂടെ കാര്യങ്ങള്‍ കാണുന്നു എന്ന് പറയാനല്ലാതെ അതിന്‍റെ കഥ പറയാന്‍ പാടാണ്. അതാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു”, എബ്രിഡ് ഷൈന്‍ പറയുന്നു.