
പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ നടനും തിരക്കഥാകൃത്തുമായ മണികണ്ഠൻ പട്ടാമ്പിയുടെ മകൾ സാന്ദ്ര വിവാഹിതയായി. ഹരികൃഷ്ണനാണ് വരൻ. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ഏറെ ജനപ്രിയമായ ‘മറിമായം’ എന്ന ആക്ഷേപഹാസ്യ പരമ്പരയിലെ സഹപ്രവർത്തകരും താരങ്ങളും മണികണ്ഠന്റെ സന്തോഷത്തിൽ പങ്കുചേരാൻ ഗുരുവായൂരിലെത്തിയിരുന്നു. അഭിനേതാക്കളായ വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു. നവവദൂവരന്മാർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത്.
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണികണ്ഠൻ പട്ടാമ്പി. ‘മറിമായം’ പരമ്പരയിലെ ‘സത്യശീലൻ’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. നാടകരംഗത്തുനിന്ന് സിനിമയിലെത്തിയ മണികണ്ഠൻ മീശമാധവൻ, അറബിക്കഥ, കഥ പറയുമ്പോൾ, ഈ അടുത്ത കാലത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.












