‘വിയറ്റ്നാം കോളനി’യിലെ റാവുത്തർ ഇനി ഓർമ്മിയിൽ! നടൻ വിജയ രംഗരാജു അന്തരിച്ചു

സൂപ്പർഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു (70 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികില്‍സ പുരോഗമിക്കുന്നതിനിടെയാണു നടനെ മരണം സംഭവിച്ചത്. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.

മലയാളത്തിന് പുറമെ തെലുങ്ക് സിനിമകളിലും വില്ലൻ വേഷങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദീപത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. യാഗ്നം എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ ശ്രദ്ധേയനായി. വിയറ്റ്നാം കോളനിക്ക് പുറമെ ആയുധം, പടയോട്ടം, ഹാലോ മദ്രാസ് ഗേൾ, ഹിറ്റ്ലർ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യ മൃഗം എന്നി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.