നടി ഭാനുപ്രിയ മറവി രോഗത്തിൻ്റെ പിടിയിൽ; മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ‘ദുർഗ്ഗ’യും ‘അനുരാധ’യും

മലയാള സിനിമയിൽ ‘രാജശിൽപി’, ‘അഴകിയ രാവണൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ നടി ഭാനുപ്രിയ മറവിരോഗത്തിന്റെ കഷ്ടതകളിലൂടെ കടന്നുപോകുന്നു. 58 വയസ്സ് മാത്രം പ്രായമുള്ള ഈ പ്രിയതാരം ഭർത്താവിൻ്റെ വിയോഗത്തിന് ശേഷം ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുകയാണ്.

മോഹൻലാൽ നായകനായ ‘രാജശിൽപി’യിൽ ‘ദുർഗ്ഗ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആർ. സുകുമാരൻ ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് ഭാനുപ്രിയയെ കണ്ടെത്തിയത്. നൃത്തത്തോട് അതിയായ ഇഷ്ടമുണ്ടായിരുന്ന ഭാനു, നൃത്തത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു.

മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ലെ ‘അനുരാധ’ എന്ന കഥാപാത്രവും മലയാളികൾ ഇന്നും ഓർമ്മിക്കുന്ന ഒന്നാണ്. സിനിമയുടെ അണിയറപ്രവർത്തകർക്കിടയിൽ പ്രൊഫഷണൽ എത്തിക്‌സ് പാലിക്കുന്നതിൽ അവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിൽ സജീവമായിരുന്ന കാലത്തും നല്ല കഥാപാത്രങ്ങൾ വരുമ്പോൾ മാത്രം അഭിനയിച്ചിരുന്ന ഭാനുപ്രിയ ഇപ്പോൾ അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. ഓർമ്മകൾ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവർ. പ്രേക്ഷകരുടെ ഓർമ്മകളിലെ നിത്യവസന്തമായി ഭാനുപ്രിയയുടെ കഥാപാത്രങ്ങൾ എന്നും നിലനിൽക്കും. നിലവിൽ, അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് നടി കഴിയുന്നത്.