
മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ‘കാന്ത’ സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെ, തന്റെ സിനിമാ ജീവിതത്തിലെ ഗുരുക്കന്മാരെക്കുറിച്ച് നടൻ ദുൽഖർ സൽമാൻ നടത്തിയ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ‘കാന്ത’യിലെ പ്രകടനം ദുൽഖറിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് താരം മനസ്സ് തുറന്നത്.
സിനിമയുടെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ഹോണസ്റ്റ് ടൗൺഹാളിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ തന്റെ ഗുരുക്കന്മാരെക്കുറിച്ച് സംസാരിച്ചത്. ആദ്യത്തെ ഗുരു മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണെന്നും അതിന് മാറ്റമില്ലെന്നും താരം വ്യക്തമാക്കി. എന്നാൽ, സിനിമാലോകത്ത് ഗുരുസ്ഥാനത്ത് താൻ കണക്കാക്കുന്നത് സംവിധായകൻ അൻവർ റഷീദിനെയാണ് എന്നും ദുൽഖർ പറഞ്ഞു.
തന്റെ കരിയറിലെ വഴിത്തിരിവായ ‘ഉസ്താദ് ഹോട്ടൽ’ സംവിധാനം ചെയ്തത് അൻവർ റഷീദാണ്. അൻവർ റഷീദിനെ ‘അമ്പുക്ക’ എന്നാണ് ദുൽഖർ സ്നേഹത്തോടെ വിളിക്കുന്നത്.
ആദ്യത്തെ ഗുരു അച്ഛൻ തന്നെയാണ്. അതിൽ യാതൊരു മാറ്റവുമില്ല. പിന്നീട് സ്കൂളിലും കോളേജിലുമൊക്കെ പഠിപ്പിച്ച അധ്യാപകർ. അതിനുശേഷം സംവിധായകൻ അൻവർ റഷീദാണ്. ‘ഉസ്താദ് ഹോട്ടൽ’ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക. ഓരോ സിനിമയുടെയും ട്രെയിലർ റിലീസായാൽ അദ്ദേഹം അഭിപ്രായം പറയാറുണ്ട്. ‘നന്നായിട്ടുണ്ട്, അടിപൊളിയാവും’ എന്നൊക്കെ അമ്പുക്ക പറയുമ്പോൾ അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അത് മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്,” ദുൽഖർ പറഞ്ഞു.











