സൂപ്പർഹിറ്റിന് ശേഷം വീണ്ടും: മോഹൻലാൽ-തരുൺ മൂർത്തി ചിത്രം പ്രഖ്യാപിച്ചു, നിർമ്മാണം ആഷിഖ് ഉസ്മാൻ

കൊച്ചി: മലയാള സിനിമയിൽ ബ്ലോക്ബസ്റ്റർ വിജയം നേടിയ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം സൂപ്പർതാരം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചു. മോഹൻലാലിനെ നായകനാക്കി ആഷിഖ് ഉസ്മാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മോഹൻലാലിൻ്റെ സമീപകാല ഹിറ്റുകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഈ പുതിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രതീഷ് രവിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

‘ദൃശ്യം 3’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ജോലികൾ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഈ പുതിയ പ്രോജക്റ്റിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുമ്പ് പ്രഖ്യാപിച്ചിരുന്ന ‘എൽ365’ എന്ന ടൈറ്റിലിൽ വരുന്ന ഓസ്റ്റിൻ ഡാനി സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമല്ല തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.