
മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണത്തോടെ സൂപ്പർഹിറ്റായ ‘മാർക്കോ’യ്ക്ക് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ ശ്രദ്ധേയ സാന്നിധ്യം. ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിൽ അജു എന്ന കഥാപാത്രമായി എത്തി ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരമായ പ്രണവ് രാജ് (ഹിപ്സ്റ്റർ) ‘കാട്ടാളനി’ൽ ഒരു പ്രധാന വേഷം ചെയ്യും എന്ന വിവരമാണ് ക്യൂബ്സ് എന്റർടെയ്ൻമെൻ്റ്‌സ് പുറത്തുവിട്ടിരിക്കുന്നത്.
‘ഹിപ്സ്റ്റർ ഗെയ്മിങ്’ എന്ന യൂട്യൂബ് ചാനലിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ പ്രണവ്, ‘ആവേശം’ സിനിമയിൽ രങ്കണ്ണൻ്റെ സ്വന്തം അജുവായെത്തിയതോടെ സിനിമാലോകത്തും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. തൻ്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ഞെട്ടിക്കാനാണ് പ്രണവ് രാജ് എത്തുന്നത്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’, പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പുനൽകുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ. വമ്പൻ സാങ്കേതിക മികവോടെയും വലിയ ബഡ്ജറ്റോടെയുമാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ മികച്ചൊരു ദൃശ്യവിസ്മയം തന്നെയാകും ‘കാട്ടാളൻ’ എന്നാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത്. ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











