
അമൽ നീരദിന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങി വൻ തരംഗം സൃഷ്ടിച്ച ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായി ‘ബാച്ച്‌ലർ പാർട്ടി Deux’ (Bachelor Party D’eux) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’, ‘അവരെക്കുറിച്ച്’ എന്നൊക്കെ അർത്ഥം വരുന്ന ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
നസ്ലൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ജ്യോതിർമയി, നദിയ മൊയ്തു തുടങ്ങി മലയാളത്തിലെ യുവനിരയും മുൻനിര താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് നിർവഹിക്കുന്നത്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഉണ്ണി ആറിന്റെ സംഭാഷണവുമുള്ള ഈ ചിത്രം മലയാള സിനിമയിലെ അടുത്ത വലിയ ദൃശ്യവിസ്മയമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.












