അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ തിയേറ്ററുകളിലേക്ക്. നവംബർ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
യുവതാരങ്ങളും പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
2012ൽ പുറത്തിറങ്ങി വലിയ തരംഗമായി മാറിയ അമൽ നീരദ് ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് 14 വർഷങ്ങൾക്കിപ്പുറം പുതിയ കാലത്തിന്റെ ജെൻ സി വൈബിൽ എത്തുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമാപ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് പദവി നേടിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയെന്ന നിലയിൽ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ ചിത്രത്തിന്റെ ഓർമകളും പുതിയ തലമുറയുടെ സിനിമാ കാഴ്ചപ്പാടുകളും എങ്ങനെ ഒത്തുചേരുമെന്ന ആകാംക്ഷയും ആരാധകർക്കിടയിലുണ്ട്.
ചിത്രത്തിന്റെ പേരിലെ ‘Deux’ എന്ന വാക്കിനും പ്രത്യേകതയുണ്ട്. ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നാണ് ഇതിന്റെ അർത്ഥം. ‘D’EUX’ എന്ന പ്രയോഗത്തിന് ‘അവരുടെ’ അഥവാ ‘അവരെക്കുറിച്ച്’ എന്ന അർത്ഥതലവും നൽകപ്പെടുന്നു. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഡ്വാൻസ് ബുക്കിംഗിന് ലഭിക്കുന്ന പ്രതികരണം ചിത്രത്തിന്റെ വരവിനായുള്ള പ്രേക്ഷക കാത്തിരിപ്പ് വ്യക്തമാക്കുന്നതാണ്.
