ഗോവ ചലച്ചിത്രോത്സവത്തിൽ സൗഹൃദം പങ്കുവെച്ച് അനുപം ഖേറും ആൻ സജീവും; ‘പ്രണയ’ത്തിന്റെ ഓർമ്മകളുമായി താരങ്ങൾ

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ (IFFI) ബോളിവുഡ് താരം അനുപം ഖേറും മലയാളി നിർമ്മാതാവ് ആൻ സജീവും ഒന്നിച്ചെത്തിയത് സിനിമാ ലോകത്ത് ശ്രദ്ധേയമായി. ഗോവയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിനിടെ ഇരുവരും കണ്ടുമുട്ടിയതിൻ്റെ സന്തോഷം പങ്കുവെച്ചു.

പ്രശസ്ത സംവിധായകൻ ബ്ലെസി ഒരുക്കിയ ‘പ്രണയം’ എന്ന മലയാള ചിത്രത്തിൽ അനുപം ഖേറിനൊപ്പം ആൻ സജീവാണ് നിർമ്മാണ പങ്കാളിത്തം വഹിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ട ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് ഒരു വേദിയിലെത്തിയത്. സൗഹൃദം പങ്കുവെച്ചതിനൊപ്പം ‘പ്രണയം’ എന്ന സിനിമയുടെ ഓർമ്മകളും ഇരുവരും പരസ്പരം അയവിറക്കി.

സജീവ് പി.കെ.യ്ക്കൊപ്പം ‘ഫ്രാഗ്‌നെന്റ് നേച്വർ ഫിലിം ക്രിയേഷൻസ്’ എന്ന ബാനറിൽ ‘ഖൽബ്’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണത്തിന് ആൻ സജീവ് നേതൃത്വം നൽകിയിട്ടുണ്ട്. സംജാദിൻ്റെ സംവിധാനത്തിൽ രഞ്ജിത്ത് സജീവും അമല പോളും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “ഹാഫ്” ആണ് ആൻ സജീവ് നിർമ്മിക്കുന്ന അടുത്ത ചിത്രം. ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നിക്കുന്ന ഐഎഫ്എഫ്ഐ വേദിയിൽ ഇരുവരുടെയും കൂടിക്കാഴ്ച ചർച്ചയായി.