കഴിഞ്ഞ ആറ് മാസമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുകയാണ് അനുശ്രീ

കൃത്യമായ ഇടവേളകളിൽ യുട്യൂബ് വീഡിയോയുമായി എത്തിയിരുന്ന സീരിയൽ താരം അനുശ്രീ കഴിഞ്ഞ അഞ്ച്, ആറ് മാസങ്ങളായി സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്നുംഅപ്രത്യക്ഷയായിരുന്നു. വളരെ നാളുകൾക്കു ശേഷം കഴി‍ഞ്ഞ ദിവസമാണ് അനുശ്രീയുടെ ഒരു സോഷ്യൽമീഡിയ പോസ്റ്റ് പുറത്ത് വരുന്നത്. മകന് രണ്ടാം പിറന്നാൾ ആശംസിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അനുശ്രീ പങ്ക് വെച്ചത്. ഈയൊരു പോസ്റ്റിന് താഴെ പിറന്നാൾ ആശംസകളേക്കാൾ കൂടുതൽ ആയും വരുന്നത് അനുശ്രീയുടെ വിശേഷങ്ങൾ തിരക്കിയുള്ള കമന്റുകളാണ്. മകന് പിറന്നാൾ ആശംസിച്ചെത്തിയ ചിലർക്ക് മറുപടി നൽകിയെങ്കിലും. അനുശ്രീയുടെ യുട്യൂബ് ചാനലിന് എന്ത് സംഭവിച്ചു എന്നതടക്കമുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നത് അനുശ്രീ ഗൗനിക്കുന്നില്ല. ഇത്തരം ചോദ്യങ്ങളോടൊന്നും തന്നെ അനുശ്രീ പ്രതികരിക്കുന്നുമില്ല. എന്തുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിക്കാത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അനുശ്രീയുടെ യുട്യൂബ് ചാനലും ഇപ്പോൾ കാണാനില്ല. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായിരുന്നു അനുശ്രീയുടേത്. അതേസമയം സിനിമാ താരങ്ങൾക്ക് ലഭിക്കുന്നതിന്റെ പതിന്മടങ്ങ് സ്നേഹമാണ് കുടുംബ പ്രേക്ഷകരിൽ നിന്നും സീരിയൽ താരങ്ങൾക്ക് ലഭിക്കുന്നത്.

അത്തരത്തിൽ സീരിയലിൽ ബാലതാരമായി എത്തി ശ്രദ്ധിക്കപ്പെട്ട അഭിനേത്രി കൂടിയാണ് അനുശ്രീ. പ്രകൃതി എന്നൊരു പേര് കൂടി അനുശ്രീയ്ക്ക് ഉണ്ടെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകർക്ക് അനുശ്രീ എന്ന പേരിലാണ് താരത്തെ കൂടുതൽ പരിചയം. 2005 മുതൽ അഭിന യരംഗത്ത് സജീവമായുള്ള അഭിനേത്രിയാണ് അനുശ്രീ. ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ച് കഴിഞ്ഞിരിക്കുന്നു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടു കൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം അനുശ്രീ നേടിയെടുത്തത്. പിന്നീട് ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തു. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കവെയാണ് അനുശ്രീ വിവാഹിതയായത്. രണ്ട് വർഷം മുമ്പായിരുന്നു അനുശ്രീയുടെ വിവാഹം. അന്ന് അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. കാരണം അനുശ്രീയുടേത് പ്രണയ വിവാഹമായിരുന്നു. താരത്തിന്റെ കുടുംബത്തിൽ നിന്നും എതിർപ്പുകൾ വന്നതോടെ ഒളിച്ചോടി വിവാഹിതയാവുകയായിരുന്നു. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്.

ഒരുമിച്ച് സീരിയലിൽ പ്രവർത്തിച്ചപ്പോഴുള്ള ഇരുവരുടെയും പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അതുകൊണ്ട് തന്നെ അനുശ്രീയുടെ വിവാഹ ഫോട്ടോ പുറത്ത് വന്നപ്പോൾ ആരാധകരും ഒന്ന് അമ്പരന്നു. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ അനുശ്രീ ഗർഭിണിയായി. വളൈകാപ്പ് ചടങ്ങ് വരെ ഭർത്താവ് വിഷ്ണുവിന്റെ വീട്ടിലായിരുന്നു അനുശ്രീ. എന്നാൽ പിന്നീട് അങ്ങോട്ട് ഇരുവർക്കും ഇടയിലും രണ്ട് കുടുംബങ്ങൾ‌ തമ്മിലും പ്രശ്നങ്ങൾ ഉണ്ടായതോടെ ഭർത്താവ് വിഷ്ണുവിനെ ഉപേക്ഷിച്ച് തന്റെ അമ്മയ്ക്കൊപ്പം അനുശ്രീ തിരികെ സ്വന്തം വീട്ടിലേക്ക് വന്ന് താമസവും തുടങ്ങി. അനുശ്രീയുടെ അമ്മയും അനുശ്രീയെപ്പോലെ സിംഗിൾ മദറാണ്. വിഷ്ണുവുമായുള്ള ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായതിനാൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പോലും അനുശ്രീയും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. അമ്മയ്ക്കൊപ്പം താമസം തുടങ്ങിയ ശേഷമാണ് അനുശ്രീ തന്റേയും മകന്റേയും പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. പിന്നീട് യുട്യൂബ് ചാനലിലൂടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അടക്കം താരം യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ആരവ് എന്ന് പേരുള്ള രണ്ട് വയസുകാരൻ മകന്റെ അമ്മയാണ് ഇന്ന് അനുശ്രീ. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പോസ്റ്റുമായി എത്തിയ അനുശ്രീയുടെ പുതിയ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും.