ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സൂക്ഷ്‍മദര്‍ശിനി തീയറ്ററില്‍ ഗംഭീര പ്രകടനം

ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സൂക്ഷ്‍മദര്‍ശിനി തീയറ്ററില്‍ ഗംഭീര പ്രകടനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ വാരാന്ത്യത്തിന് ശേഷം വന്ന തിങ്കളാഴ്ചയും ലഭിച്ചത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്.സൂക്ഷ്മദര്ശിനി എന്ന സിനിമയെപ്പറ്റിയും അതിന്റെ വിശേഷങ്ങളും താരങ്ങൾ തങ്ങളുടെ അഭിമുഖത്തിൽ പങ്കുവച്ചിരുന്നു .

ചലച്ചിത്രങ്ങളുടെ ബോക്സോഫീസ് ഭാവി തീരുമാനിക്കുന്നതില്‍ ആദ്യ തിങ്കളാഴ്ചയിലെ കളക്ഷന്‍ വളരെ പ്രധാനമാണ് . അതിനാല്‍ തന്നെ മൂവി ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ ‘മണ്‍ഡേ ടെസ്റ്റ്’ എന്നാണ് വിളിക്കാറ്. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കള്‍ കളക്ഷനില്‍ എത്തുമ്പോള്‍ സ്വാഭാവിക കുറവ് കാണുമെങ്കിലും തിങ്കളാഴ്ച വന്‍ വീഴ്ചയില്ലാതെ പടം പിടിച്ചു നിന്നാല്‍ ആ ചിത്രം ‘മണ്‍ഡേ ടെസ്റ്റ്’ പാസായെന്ന് പറയാം.

ഇത്തരത്തില്‍ നോക്കിയാല്‍ സൂക്ഷ്‍മദര്‍ശിനി ഗംഭീരമായി തന്നെ ഈ ടെസ്റ്റ് പാസായി എന്ന് പറയാം. റിലീസ് ഡേയില്‍ ഉള്ളതിനേക്കാള്‍ മികച്ച കളക്ഷനാണ് ആദ്യ തിങ്കളാഴ്ച ചിത്രം നേടിയത്. സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം പറയുന്നു. നസ്രിയയുടെ നീണ്ട ഇടവേളയ്ക്കു ശേഷം സൂക്ഷ്മദര്ശിനി എന്ന സിനിമ ഏറെ ജന പ്രീതി നേടുമെന്നതിൽ സംശയം ഇല്ല .

രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 96.13 ശതമാനമാണ് വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി നേടിയിരിക്കുന്നത്. മൂന്നാം ദിനമായ നവംബര്‍ 24 ഞായറാഴ്ചയും ചിത്രത്തിന്‍റെ കളക്ഷനില്‍ കുതിപ്പുണ്ടായി കണക്ക് പ്രകാരം ആദ്യ ഞായറാഴ്ച സൂക്ഷ്‍മദര്‍ശിനി 4 കോടിയാണ് നേടിയത്. തിങ്കളാഴ്ച എത്തിയപ്പോള്‍ കളക്ഷന്‍ ഇടിഞ്ഞെങ്കിലും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നിലനിര്‍ത്തി. ആദ്യ കണക്കില്‍ 1.65 കോടിയാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്.