നിങ്ങളുടെ കുട്ടിക്ക് അഭിനയിക്കാൻ ഇഷ്ടമാണോ?; ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ ചിത്രം ഭ.ഭ.ബ വിളിക്കുന്നു

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ ഒരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിലേക്കുള്ള കാസ്റ്റിം​ഗ് കാൾ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. 8 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെ ചിത്രത്തിലേക്ക് ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്.

നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ‘മലർവാടി ആർട്സ് ക്ലബ്’ ദിലീപാണ് നിർമ്മിച്ചത്. വർഷങ്ങൾക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ വി.സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ കൃഷ്ണമൂർത്തിയുടെ വാക്കുകൾ ഇങ്ങനെ, “‘കമ്മാര സംഭവം’ത്തിന് ശേഷം ശ്രീ ഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന സിനിമയാണിത്. ദിലീപ് സിനിമകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നർമ്മവും മാസ്സും ആക്ഷനും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു മാസ് മസാല ആക്ഷൻ അഡ്വഞ്ചർ സിനിമയാണ്.

സിനിമയുടെ തിരക്കഥ ഫാഹിം സഫറും നടി നൂറിൻ ഷെറീഫും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കർ.