‘പ്രേംപാറ്റ’യിൽ കരാട്ടെ സണ്ണിയായി ബിബിൻ പെരുമ്പള്ളി; ചിത്രം നവംബർ 27ന് തിയേറ്ററുകളിൽ

കോളേജ് പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും ഇഴചേർത്ത് ഒരുങ്ങുന്ന ചിത്രം ‘പ്രേംപാറ്റ’യിൽ വ്യത്യസ്ത വേഷപ്പകർച്ചയുമായി നടൻ ബിബിൻ പെരുമ്പള്ളി. ചിത്രത്തിൽ കരാട്ടെ സണ്ണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നവംബർ 27ന് തിയേറ്ററുകളിലെത്തുന്ന സിനിമയിലെ ബിബിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സ്റ്റൈലിഷ് മാസ് ലുക്കിലാണ് പോസ്റ്ററിൽ ബിബിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത് ലിജീഷ് കുമാറാണ്.

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബിബിൻ പെരുമ്പള്ളി. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിനനുസരിച്ച് അഭിനയത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള മികവ് ബിബിനെ വേറിട്ടുനിർത്തുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും താരം ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ താരപരിവേഷമുള്ള കഥാപാത്രത്തെയാണ് ബിബിൻ അവതരിപ്പിച്ചത്.

‘ആശാൻ’ കൂടാതെ ‘കടകൻ’, ‘കുറുപ്പ്’, ‘റൈഫിൾ ക്ലബ്’, ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’, ‘കളംകാവൽ’, ‘മേനേ പ്യാർ കിയാ’ തുടങ്ങിയ ചിത്രങ്ങളിലും ബിബിൻ പെരുമ്പള്ളി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന സിനിമകളുടെ ഭാഗമായിക്കൊണ്ട് അഭിനയരംഗത്ത് തന്റേതായ ഇടം ഉറപ്പിക്കുകയാണ് താരം. അഭിനയത്തിനു പുറമെ സിനിമാ നിർമ്മാണ മേഖലയിലും പരിചയസമ്പത്തുള്ള ബിബിൻ പെരുമ്പള്ളി, മലയാളത്തിലെ പുതുതലമുറ അഭിനേതാക്കൾക്കിടയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. കരാട്ടെ സണ്ണി എന്ന പുതിയ കഥാപാത്രത്തിലൂടെ ബിബിൻ പെരുമ്പള്ളി പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ, ‘പ്രേംപാറ്റ’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.