ബി​ഗ് ബോസ് ഒടിടി പുതിയ സീസണ് പുതിയ അവതാരകൻ; സർപ്രൈസ് ഒളിപ്പിച്ച് ആ രഹസ്യം പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ബി​ഗ് ബോസ് ഷോയുടെ ഹിന്ദിയിലെ ഒടിടി പതിപ്പിന് പുതിയ അവതാകരൻ. ആദ്യ സീസണില്‍ സംവിധായകന്‍ കരണ്‍ ജോഹറും രണ്ടാം സീസണില്‍ സല്‍മാന്‍ ഖാനും ആണ് നേരത്തെ അവതാരകരായി എത്തിയത്. മൂന്നാം സീസണ് ഈ മാസം ആണ് തുടക്കം കുറിക്കുന്നത്. സല്‍മാന്‍ ഖാന്‍ ഇക്കുറി ബിഗ് ബോസ് ഒടിടി പതിപ്പില്‍ നിന്നും മാറുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അവതാരകനെ കുറിച്ച് പ്രഖ്യാപനം വരുന്നത്.

സല്‍മാന്‍ ഖാന് പകരം നടന്‍ അനില്‍ കപൂര്‍ ആണ് ഷോയുടെ അവതാരകനായി ഇത്തവണ എത്തുന്നത്. ജിയോ സിനിമ അനില്‍ കപൂറിന്‍റെ ബി​ഗ് ബോസിലേക്കുള്ള വരവ് പ്രഖ്യാപിച്ച് കഴിഞ്ഞു. ആരെന്ന് എല്ലാവര്‍ക്കും മനസിലാവുന്ന തരത്തിലുള്ള അനില്‍ കപൂറിന്‍റെ ചിത്രങ്ങളാണ് ജിയോ സിനിമ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ, മുഖം കൃത്യമായി വ്യക്തമാക്കാതെ സർപ്രൈസ് ഒളിപ്പിച്ചിട്ടുമുണ്ട്.

“നിഴല്‍ച്ചിത്രത്തില്‍ ഇതിലും സുന്ദരനായ ഒരു അവതാരകനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ”, എന്നാണ് ചിത്രങ്ങള്‍ക്ക് ജിയോ സിനിമ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിലാണ് സല്‍മാന്‍ ഇനി അഭിനയിക്കുക. സിനിമയുടെ തിരക്ക് കാരണമാണ് സൽമാൻ ഷോയിൽ നിന്ന് മാറുന്നതെന്നാണ് റിപ്പോർട്ടുകൾ.