
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോമാൻസിന്റെട്രെയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഫൺ പാക്ക്ഡ് സിനിമയാണെന്ന സൂചന നൽകുന്ന ട്രെയിലറിൽ മാത്യു തോമസും ,സംഗീത് പ്രതാപ്, അർജുൻ അശോകൻ എന്നിവർ നിറഞ്ഞു നിൽക്കുകയാണ്. രസകരമായ നർമ്മ മുഹൂർത്തങ്ങൾ നൽകികൊണ്ട് ഈ ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നെ തിയറ്ററുകളിലെത്തുകയാണ്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറിൽ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യു തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം തകർത്തഭിനയിച്ചിരിക്കുകയാണ്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ ബിനു പപ്പു, കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുന്ന ചിത്രമാണ് ബ്രോമാൻസ്. ഇനിയും ആഷിക് ഉസ്മാൻ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ മറ്റൊരു പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിര എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്, ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. അതേസമയം ബ്രോമാന്‍സിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സംഗീത രചന നിർവഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്.












