തൊടുന്നതെല്ലാം പണി ആകുന്നു; റോഡ് ഷോ നടത്തിയ വിജയ്‌ക്കെതിരെ കേസ്

മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ ഇന്ന് റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍ക്കെതിരെ കേസ്. വിജയെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും ചെന്നൈ മാമ്പലം പൊലീസ് കേസെടുത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയത്. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് TVK റോഡ് ഷോ സംഘടിപ്പിച്ചു. തുറന്ന വാഹനത്തിൽ വിജയ് എത്തിയതോടെ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങി. തുടർന്ന് ചെന്നൈയുടെ പ്രധാന ഭാഗങ്ങളിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയായിരുന്നു.

ടി. നഗറിലൂടെ വള്ളുവർ കോട്ടം കടന്ന് എഗ്മൂർ വരെയായിരുന്നു ഈ പ്രചാരണ യാത്ര. സർക്കാർ ഉത്തരവ് ലംഘിച്ചതിനടക്കം ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.