സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

സിനിമകളുടെ പേര് മാറ്റാനും സെൻസർ ബോർഡിന് അധികാരം; പുതിയ നിർദേശത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകൾ

സിനിമകളുടെ പേരിൽ മാറ്റം നിർദേശിക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC). സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികൾ റിലീസ് തീയതി പരിഗണിച്ച് വേഗത്തിലാക്കില്ലെന്നും ബോർഡിന്റെ പുതിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു. സിനിമകളുടെ പ്രമോഷനെയും റിലീസ് ആസൂത്രണത്തെയും പ്രതികൂലമായി ബാധിക്കാവുന്ന നിർദേശങ്ങൾക്കെതിരെ കേരളത്തിലെ സിനിമാ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയുടെ ടീസറിലോ പോസ്റ്ററിലോ സെൻസർ അപേക്ഷയിലോ നൽകിയിരിക്കുന്ന പേര് അന്തിമമായി പരിഗണിക്കാനാകില്ലെന്നാണ് സെൻസർ ബോർഡിന്റെ പുതിയ നിലപാട്. സർട്ടിഫിക്കേഷൻ നടപടികളുടെ ഭാഗമായി പുനഃപരിശോധനാ സമിതിക്ക് സിനിമയുടെ പേര് പരിശോധിക്കാനും ആവശ്യമെങ്കിൽ മാറ്റം നിർദേശിക്കാനും അധികാരമുണ്ടാകും. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ സിനിമയുടെ പേര് അന്തിമമാണെന്ന് പ്രഖ്യാപിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാരണത്താൽ സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നിർമാതാക്കൾ സ്വന്തം നിലയിൽ തീരുമാനിച്ച റിലീസ് ഷെഡ്യൂളിന്റെ പേരിൽ പ്രത്യേക പരിഗണനയോ ഇളവോ പ്രതീക്ഷിക്കേണ്ടതില്ല. കൂടാതെ, അപൂർണമായ സിനിമകൾ സർട്ടിഫിക്കേഷനായി സമർപ്പിക്കരുതെന്നും ഗ്രാഫിക്സ്, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിങ് എന്നിവ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയിരിക്കണമെന്നും നിർദേശമുണ്ട്. ഒക്ടോബർ 26നാണ് സെൻസർ ബോർഡ് പുതിയ അഡ്വൈസറി പുറത്തിറക്കിയത്.

പുതിയ നിർദേശങ്ങൾ സിനിമാ വ്യവസായത്തെ വലിയ പ്രതിസന്ധിയിലാക്കുമെന്നാണ് സംഘടനകളുടെ ആശങ്ക. നിലവിൽ സൂപ്പർതാര ചിത്രങ്ങൾ ഉൾപ്പെടെ സിനിമകളുടെ പേരും റിലീസ് തീയതിയും നേരത്തെ പ്രഖ്യാപിച്ചാണ് പ്രമോഷൻ ആരംഭിക്കുന്നത്. കോടികൾ ചെലവഴിച്ച് പരസ്യങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ച ശേഷം സെൻസർ ബോർഡ് പേര് മാറ്റാൻ ആവശ്യപ്പെട്ടാൽ അത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കൂടാതെ, റിലീസ് തീയതി മാറ്റേണ്ടിവരുന്നത് തിയേറ്റർ ലഭ്യതയെയും ഫെസ്റ്റിവൽ സീസണിലെ റിലീസുകളെയും ബാധിച്ചേക്കാം.

സിനിമാ വ്യവസായത്തിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിമർശനം. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഫിലിം ചേംബർ സെൻസർ ബോർഡിന് കത്തയച്ചിട്ടുണ്ട്. പുതിയ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.

നേരത്തെയും സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന്റെ നിലപാട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തിയ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേരിൽ മാറ്റം വേണമെന്ന സെൻസർ ബോർഡിന്റെ ആവശ്യം വലിയ പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരെ സിനിമാ സംഘടനകൾ സെൻസർ ബോർഡിന് മുന്നിൽ കുത്തിയിരുന്ന് സമരം വരെ നടത്തിയിരുന്നു. ഒടുവിൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ‘ജാനകി’ എന്നതിൽ നിന്ന് ‘ജാനകി വി’ എന്നാക്കി മാറ്റിയാണ് അന്ന് വിവാദത്തിന് പരിഹാരമായത്.

പുതിയ നിർദേശങ്ങൾ കൂടി പുറത്തുവന്നതോടെ സിനിമകളുടെ പേരും റിലീസ് തീയതിയും സംബന്ധിച്ച സെൻസർ ബോർഡിന്റെ അധികാരപരിധിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. നിർമാതാക്കളുടെയും സിനിമാ സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നാണ് ഇനി അറിയേണ്ടത്.