ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

ബോക്സ് ഓഫീസിൽ കുതിച്ച് സൂര്യയുടെ ‘സീൻ’; രണ്ട് ദിവസം കൊണ്ട് 85 കോടി, ജിത്തു മാധവനും സൂര്യയ്ക്കും ഹാട്രിക് വിജയം!

തിയേറ്ററുകളിൽ തരംഗമായി സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’. റിലീസ് ചെയ്ത് വെറും രണ്ട് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 85 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനത്തേക്കാൾ മികച്ച കളക്ഷൻ രണ്ടാം ദിവസം നേടിയതോടെ ചിത്രത്തിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. ഇതോടെ സൂര്യയ്ക്കും സംവിധായകൻ ജിത്തു മാധവനും തുടർച്ചയായ മൂന്നാമത്തെ വിജയമായി ‘സീൻ’ മാറിയിരിക്കുകയാണ്. ആദ്യദിനം 41 കോടി രൂപയുടെ മികച്ച ഓപ്പണിങ് നേടിയ ചിത്രം രണ്ടാം ദിവസം ഏകദേശം 45 കോടി രൂപ കൂടി സ്വന്തമാക്കിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. ഇതോടെ രണ്ട് ദിവസത്തെ ആകെ കളക്ഷൻ 85 കോടി രൂപയിലേക്ക് ഉയർന്നു. ഞായറാഴ്ചയോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ബോക്സ് ഓഫീസ് ട്രാക്കർമാരും. സമീപകാലത്ത് പുറത്തിറങ്ങിയ മികച്ച കൊമേഴ്‌സ്യൽ എന്റർടെയ്‌നറുകളിലൊന്നായി ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതും കളക്ഷനിൽ പ്രതിഫലിക്കുന്നുണ്ട്.

ഡി.എസ്.പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സ്റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നർമ മുഹൂർത്തങ്ങളും ട്വിസ്റ്റുകൾ നിറഞ്ഞ ത്രില്ലിംഗ് രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം. ആക്ഷനും കോമഡിയും ഒരുപോലെ കോർത്തിണക്കിയ അവതരണശൈലിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളി താരം നസ്ലൻ ഈശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസീമും പ്രധാന വേഷത്തിലുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും താരനിരയുടെ ഭാഗമാണ്. സൂര്യയുടെ പ്രകടനത്തിനും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കും ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ‘സീൻ’ സ്വന്തമാക്കുന്നു. സംവിധായകന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. മലയാള സിനിമയിൽ ശ്രദ്ധേയമായ കൂട്ടുകെട്ടായ ജിത്തു മാധവനും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന തമിഴ് സിനിമ കൂടിയാണ് ‘സീൻ’. മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസിലെ വമ്പൻ കുതിപ്പും ഒരുമിക്കുമ്പോൾ സൂര്യയുടെയും ജിത്തു മാധവന്റെയും കരിയറിലെ മറ്റൊരു വലിയ വിജയമായി ചിത്രം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.