
സംഗീത് പ്രതാപും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി സെപ്റ്റംബർ 18ന് ആഗോള റിലീസിനൊരുങ്ങുന്നു. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്ന് ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ സൂപ്പർ ഹിയറിങ് ശക്തി ലഭിക്കുന്നതും, തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരവും ആവേശകരവുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിലീൻ സാന്ദ്ര കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. ഷറഫുദ്ദീനും സംഗീത് പ്രതാപും തമ്മിലുള്ള കോമ്പിനേഷൻ സീനുകളിലെ കെമിസ്ട്രിയും ശബ്ദ ഡിസൈനിന് നൽകിയിരിക്കുന്ന പ്രത്യേക പ്രാധാന്യവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.












