
ഹിറ്റ് ചിത്രം രാം ലീലയാണ് ദീപിക പദുകോൺ ആദ്യമായി അഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം. ഈ ചിത്രം ദീപിക പദുക്കോണിന്റെ കരിയറിൽ വഴിത്തിരിവായി മാറി. പിന്നീട് ദീപികയെ വെച്ച് ബാജിരാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളും ബൻസാലി സംവിധാനം ചെയ്തു. ഈ രണ്ട് സിനിമകളും വൻ ഹിറ്റായിരുന്നു. എന്നാൽ പക്ഷെ ഈ രണ്ട് സിനിമകളിലേക്കും ബൻസാലി ആദ്യം പരിഗണിച്ചത് നടി ഐശ്വര്യ റായിയെ ആയിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് ഈ ചിത്രങ്ങളുടെ ചർച്ച ഐശ്വര്യ റായുമായി നടന്നത്. ബാജിരാവോ മസ്താനിയിലേക്ക് ഐശ്വര്യ റായിയെയും സൽമാൻ ഖാനെയുമാണ് ബൻസാലി ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ ഈ ചിത്രത്തിന്റെ ചർച്ച നടക്കുന്ന സമയത്ത് പ്രണയത്തിൽ ആയിരുന്ന ഇരുവരുടെയും ബന്ധം അവസാനിച്ചതോടെ ഇവരെ വെച്ച് സിനിമ ചെയ്യാൻ പറ്റിയില്ല. വർഷങ്ങൾക്കിപ്പുറം സിനിമ ദീപിക പദുകോണിലേക്ക് എത്തി. സൽമാൻ ഖാന് പകരം ചിത്രത്തിൽ നായകൻ ആയെത്തിയത് യഥാർത്ഥ ജീവിതത്തിലും ദീപിക പദുക്കോണിന്റെ പങ്കാളി ആയ രൺവീർ സിംഗ് ആയിരുന്നു. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ രൺവീർ സിംഗിന്റെ മറ്റൊരു നായിക ആയെത്തിയത്.











