ബേബി ജീൻ ഇനി നായകനിരയിലേക്ക്; ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാമത്തെ ചിത്രം ‘അക്ഷരപ്രതി’ക്ക് തുടക്കം

ബേബി ജീൻ ഇനി നായകനിരയിലേക്ക്; ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാമത്തെ ചിത്രം ‘അക്ഷരപ്രതി’ക്ക് തുടക്കം

മലയാള സിനിമയിൽ ശ്രദ്ധേയമായ ചുവടുവെപ്പുകളുമായി മുന്നേറുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാമത്തെ ചിത്രമായ ‘അക്ഷരപ്രതി’ക്ക് തുടക്കമായി. ബേബി ജീൻ നായകനായി എത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്നു. ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള രേഷ്മ ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേബി ജീൻ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അക്ഷരപ്രതി’ക്കുണ്ട്.ജീത്തു ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായിരുന്നു. സംവിധായിക രേഷ്മ ശിവകുമാറും അരുൺ സി.എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും.

ബേബി ജീനിനൊപ്പം ഗ്രേസ് ആന്റണി, ഗോപിക രമേഷ്, മഞ്ജു പിള്ള, ലെന, ശരത് സഭ, ചന്ദു സാലിംകുമാർ, ഷാൻ റഹ്മാൻ, ശ്രീരേഖ രാജഗോപാൽ, നന്ദന, അൽത്താഫ് സലിം, സുധി കോഴിക്കോട്, അനാർക്കലി മരിക്കാർ, ശിവ ഹരിഹരൻ, ശിവകുമാർ, ഷഫ്ന നിസാം, ഗംഗ മീര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5 ആയാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് നവാഗത സംവിധായകരുടെ ചിത്രങ്ങൾക്ക് കമ്പനി തുടക്കമിട്ടിരുന്നു. ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 3, ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നിവയാണ് ഈ ചിത്രങ്ങൾ.

ഷറഫുദ്ദീൻ നായകനാകുന്ന ജിതേഷ് എസ്. റാമിന്റെ ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. അലൻ ബിൻ സിറാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അതേസമയം, രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രണയകഥയാണ്. കിരൺ കെ.എസ്. തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യിലൂടെയാണ് ഇന്ത്യൻ സിനിമാ കമ്പനി മലയാള സിനിമാ നിർമാണരംഗത്തേക്ക് എത്തിയത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രത്തിനു പിന്നാലെ പുതിയ സംവിധായകർക്കും കലാകാരന്മാർക്കും അവസരം നൽകിക്കൊണ്ട് കൂടുതൽ സിനിമകൾ നിർമിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ യാത്രയിലെ അഞ്ചാമത്തെ ചിത്രമായാണ് ‘അക്ഷരപ്രതി’ ഒരുങ്ങുന്നത്.