മദ്യപിച്ച് അമിതവേഗത്തിൽ വാഹന യാത്ര; നടൻ ഗണപതിക്കെതിരെ കേസ്

നടൻ എന്നതിലുപരി തിരക്കഥാകൃത്തും കാസ്റ്റിങ് ഡയറക്ടറുമെല്ലാമായ ​ഗണപതിക്ക് എതിരെ മദ്യപിച്ച് അമിത വേ​ഗതയിൽ വാഹനമോടിച്ചത് പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശ്ശേരി പോലീസാണ് ഗണപതിയുടെ പേരിൽ കേസെടുത്തത്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് അപകടകരമായ രീതിയിൽ ​ഗണപതി വാഹനമോടിച്ചത്. നടന്റെ വാഹനം അമിത വേ​ഗത്തിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്താണി, ആലുവ എന്നിവിടങ്ങളിൽ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോകുകയായിരുന്നു ഗണപതി.

ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറി അമിത വേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിലാണ് പെട്ടത്. തുടർന്നാണ് കളമശേരിയിൽ തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ​ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. ​

നടനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. സംഭവം വാർത്തയോടെ സോഷ്യൽമീഡിയയിൽ നടന് എതിരെ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്.

സ്റ്റേഷൻ ജാമ്യത്തിൽ നടനെ വിട്ടയച്ചതിലും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ കമന്റുകൾ ഉയർന്നു. ദൈവത്തിന്റെ പേരുമിട്ട് അതിന് നിരക്കാത്ത പരിപാടിയാണല്ലോ നടൻ കാണിച്ച് കൂട്ടുന്നത് എന്ന തരത്തിലാണ് കമന്റുകൾ ഏറെയും. കൂടാതെ വിനോദയാത്ര എന്ന സിനിമയിൽ നടൻ ഗണപതി പാടി ഹിറ്റായ പാലും പഴവും കൈകളിലേന്തി എന്ന ​ഗാനം ഉപയോ​ഗിച്ചും ട്രോളുകളുണ്ട്.

പാലും പഴത്തിനും പകരം മദ്യം കൈകളിലേന്തിയ ​ഗണപതി, ഉണ്ണി ഗണപതി വളര്‍ന്നത് നാട് മുഴുവൻ അറിഞ്ഞല്ലോ എന്നിങ്ങനെയുള്ള കമന്റുകളുമുണ്ട്.

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകനായി സിനിമകൾ ചെയ്ത് ശ്രദ്ധനേടിയ യുവനടനാണ് ​ഗണപതി. ഇപ്പൊൾ ഇരുപത്തിയൊമ്പതുകാരനായ ​ഗണപതി കണ്ണൂർ സ്വദേശിയാണ്. 2007ൽ ‘വിനോദയാത്ര’ എന്ന ദിലീപ് സിനിമയിലൂടെയാണ് ​ഗണപതി മലയാള സിനിമയിൽ അരങ്ങേറിയത്.

പിന്നീട് അലിഭായ്, ആയുർ രേഖ, ചിത്രശലഭങ്ങളുടെ വീട്, ഇന്നത്തെ ചിന്താവിഷയം, മല്ലു സിങ്, ആ​ഗസ്റ്റ് ക്ലബ്ബ് അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. ‘വള്ളിക്കുടിലിലെ വെള്ളക്കാരനിലൂടെയാണ്’ നടൻ നായകനായി സിനിമകൾ ചെയ്ത് തുടങ്ങിയത്.

അടുത്തിടെ മലയാളം സിനിമയിൽ തരംഗം സൃഷ്‌ടിച്ച മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ സംവിധായകൻ ചിദംബരം ​ഗണപതിയുടെ സഹോദരനാണ്. ചിത്രത്തിൽ ​ഗണപതിയും ഒരു ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിരുന്നു. മന്ദാകിനി, അഡിയോസ് അമി​ഗോസ് എന്നിവയാണ് അവസാനം ​ഗണപതിയുടേതായി റിലീസ് ചെയ്ത സിനിമകൾ.