
യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന പുതിയ ചിത്രം ‘എക്കോ’ നവംബർ 21-ന് തിയറ്ററുകളിൽ എത്തുന്നു. പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ‘കിഷ്കിന്ധാ കാണ്ഡം’, ‘കേരളാ ക്രൈം ഫയൽസ് സീസൺ 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ ‘എക്കോ’ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ‘പടക്കളം’ എന്ന സൂപ്പർ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി വരുന്നു എന്നതും ചിത്രത്തിന്റെ ശ്രദ്ധ വർദ്ധിപ്പിക്കുന്നു.
‘കിഷ്കിന്ധാ കാണ്ഡം’, ‘കേരളാ ക്രൈം ഫയൽസ് സീസൺ 2’ എന്നിവക്ക് തിരക്കഥയൊരുക്കിയ ബാഹുൽ രമേശ് തന്നെയാണ് ‘എക്കോ’യുടെയും രചന നിർവ്വഹിച്ചിരിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമ്മിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്.
മുൻ ചിത്രങ്ങളിലെ കഥാഗതിയിൽ മൃഗങ്ങൾക്ക് നിർണ്ണായകമായ സ്ഥാനം നൽകിയിരുന്നതുപോലെ, ‘എക്കോ’യിലും മൃഗസാന്നിധ്യത്തിന് പ്രാധാന്യമുണ്ട്. ഈ മൂന്ന് ഭാഗങ്ങളുള്ള അനിമൽ ട്രിയോളജിയിലെ അവസാന ഭാഗമായാണ് ‘എക്കോ’യെ കണക്കാക്കുന്നത്.
ഈ ട്രിയോളജിയിലെ മൂന്ന് കഥകൾ പരസ്പരം ബന്ധമില്ലാത്തതാണെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ ചെലുത്തുന്ന നിർണായക സ്വാധീനം ഇവയുടെയെല്ലാം ആത്മാവിനെ പരസ്പരം ബന്ധിപ്പിക്കുന്നു. മൃഗങ്ങളുടെ സാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമ്മികമായ സംഘർഷങ്ങളുമാണ് ഈ മൂന്ന് സിനിമകളിലും പൊതുവായി വിഷയമാകുന്നത്.
നവംബർ 21-ന് തിയറ്ററുകളിലെത്തുന്ന ‘എക്കോ’യ്ക്കായി സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.











