‘ഇനി എല്ലാവരും വീട്ടിൽ പൊയ്ക്കോ’; ക്ലാസ് കഴിഞ്ഞിട്ടും കാത്തുനിന്ന വിദ്യാർത്ഥികളോട് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കാണാൻ കൊച്ചി വടയമ്പാടിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുടെ വൻ തിരക്ക്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം കോളേജ് ക്യാമ്പസിൽ എത്തിയത്. വൈകുന്നേരം ക്ലാസുകൾ അവസാനിച്ചിട്ടും പ്രിയതാരത്തെ ഒരുനോക്ക് കാണാനായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് മണിക്കൂറുകളോളം കാത്തുനിന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ പോലും താരം വരുന്നത് വരെ ക്യാമ്പസ് വിട്ടുപോകാൻ തയ്യാറായിരുന്നില്ല.

ഷൂട്ടിംഗ് ഇടവേളയിൽ തന്നെ കാണാൻ കാത്തുനിന്ന വിദ്യാർത്ഥികളുടെ അടുത്തേക്ക് എത്തിയ മമ്മൂട്ടി, അവരോട് കുശലാന്വേഷണം നടത്തുകയും വാത്സല്യത്തോടെ സംസാരിക്കുകയും ചെയ്തു. നേരം വൈകിയതോടെ, “ഇനി എല്ലാവരും വീട്ടിൽ പൊയ്ക്കോ” എന്ന് സ്നേഹപൂർവ്വം നിർദ്ദേശിച്ചാണ് അദ്ദേഹം അവരെ മടക്കി അയച്ചത്. മെഗാസ്റ്റാറിന്റെ ഈ കരുതലും ലാളിത്യവും നിറഞ്ഞ പെരുമാറ്റം ക്യാമ്പസിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘മതിലുകൾ’, ‘വിധേയൻ’ എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പദയാത്ര’. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം സിനിമാ ലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കൊച്ചിയിലെ വിവിധ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ മികച്ചൊരു ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.