സംഗീതയ്ക്കൊപ്പമുള്ള വിവാഹച്ചിത്രം നൽകി ആരാധകൻ; പ്രചാരണത്തിനിടെ വിജയ്‌യുടെ ഭാവപ്രകടനം വൈറൽ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്കൽപേട്ടിൽ തമിഴക വെട്രി കഴകം (TVK) റാലിക്കിടെ നടന്ന വൈകാരികമായ ഒരു നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രചാരണ വാഹനത്തിൽ നീങ്ങുകയായിരുന്ന വിജയ്‌ക്ക് ഒരു ആരാധകൻ നൽകിയ ഒരു പ്രത്യേക സമ്മാനവും അതിനോടുള്ള താരത്തിന്റെ പ്രതികരണവുമാണ് വാർത്തയാകുന്നത്.

വിജയ്‌യുടെയും ഭാര്യ സംഗീതയുടെയും വിവാഹചിത്രം ഫ്രെയിം ചെയ്താണ് ആരാധകൻ താരത്തിന് നൽകിയത്. ഈ ചിത്രത്തിൽ അന്തരിച്ച തമിഴ് നടനും വിജയ്‌യുടെ പിതൃതുല്യനുമായ ക്യാപ്റ്റൻ വിജയകാന്ത് ദമ്പതികളെ ചേർത്തുപിടിച്ചു നിൽക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. സമ്മാനം കണ്ട വിജയ് ഉടൻ തന്നെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് അത് വാങ്ങിത്തരാൻ ആവശ്യപ്പെടുകയും വാഹനം നിർത്തി അത് കൈപ്പറ്റുകയും ചെയ്തു.

ചിത്രം കയ്യിലെടുത്ത വിജയ് കുറച്ചുനേരം അതിലേക്ക് നോക്കി നിശബ്ദനായി നിന്നു. സംഗീതയുമായുള്ള വിവാഹവാർത്തകളും അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഭാര്യയ്ക്കൊപ്പമുള്ള ചിത്രം വിജയ് പരസ്യമായി ഏറ്റുവാങ്ങിയതും അതിൽ പ്രകടിപ്പിച്ച വൈകാരികതയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. വിജയകാന്തിനോടുള്ള വിജയ്‌യുടെ ആദരവും ഈ ചിത്രത്തിൽ പ്രകടമാണ്. സമ്മാനം നൽകിയ ആരാധകനെ വിജയ് കൈവീശി അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.