
മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’യുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. കൈലിമുണ്ടും ഷർട്ടും ധരിച്ച്, വാഴത്തോപ്പിന് നടുവിൽ ഗൗരവഭാവത്തിൽ നിൽക്കുന്ന ജോർജുകുട്ടിയുടെ ലുക്കാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. “The Past Never Stays Silent” എന്ന ടാഗ്‌ലൈനോടെ എത്തിയ പോസ്റ്റർ, കഥയിൽ വരാനിരിക്കുന്ന വലിയൊരു ട്വിസ്റ്റിന്റെ സൂചനയാണ് നൽകുന്നത്.
ചിത്രത്തിന്റെ റിലീസ് തീയതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഏപ്രിൽ 2-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. അതേ ദിവസം തന്നെ ‘വാഴ 2’ എന്ന ചിത്രവും റിലീസ് ചെയ്യുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. വാഴത്തോപ്പിൽ നിൽക്കുന്ന ജോർജുകുട്ടിയുടെ പോസ്റ്റർ വന്നതോടെ സോഷ്യൽ മീഡിയയിൽ രസകരമായ ട്രോളുകളും ചർച്ചകളും ഇതിനകം സജീവമായിക്കഴിഞ്ഞു.
ദൃശ്യം പരമ്പരയിലെ അവസാന ഭാഗമായിരിക്കും ഇതെന്നാണ് സംവിധായകൻ നൽകുന്ന സൂചന. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ അനിൽ തുടങ്ങിയ മുൻനിര താരങ്ങൾ തങ്ങളുടെ വേഷങ്ങൾ ആവർത്തിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെ തന്നെ, ഏകദേശം 350 കോടി രൂപയുടെ റെക്കോർഡ് പ്രീ-റിലീസ് ബിസിനസ്സ് ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.











