‘തേപ്പിന്റെ പണിക്കു പോയി തുടങ്ങിയോ?’; വീടിന് സ്വയം പെയിന്റടിച്ച് ശോഭന, വീഡിയോ വൈറൽ

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ വിസ്മയം തീർക്കുന്ന നടി ശോഭന, ഇപ്പോൾ തന്റെ വീടിന്റെ പെയിന്റിംഗ് ജോലികൾ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. വീടിന്റെ ചുവരുകൾക്ക് പെയിന്റ് അടിക്കുന്ന വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. വളരെ തന്മയത്വത്തോടെ പ്രൊഫഷണൽ പെയിന്റർമാരെ വെല്ലുന്ന രീതിയിൽ ബ്രഷും റോളറും ഉപയോഗിച്ച് ചുവരുകൾ നിറം പിടിപ്പിക്കുന്ന ശോഭനയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

“ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ വീട് മാറ്റുന്നു” എന്ന കുറിപ്പോടെയാണ് താരം ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. കൈകളിൽ പെയിന്റ് പുരണ്ടതും അധ്വാനിക്കുന്നതും ഒട്ടും മടുപ്പില്ലാതെ ആസ്വദിക്കുന്ന താരത്തെ വീഡിയോയിൽ കാണാം. സാധാരണയായി ഇത്തരം ജോലികൾക്ക് മറ്റുള്ളവരെ ഏൽപ്പിക്കാറുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വന്തം വീട് ഒരുക്കുന്നതിൽ നേരിട്ട് പങ്കാളിയായ ശോഭനയുടെ ലളിതമായ ശൈലിയെ ആരാധകർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. “ശോഭന ചേച്ചി തേപ്പിന്റെ പണിക്ക് പോയി തുടങ്ങിയോ?” എന്നും “സകലകലാവല്ലഭി” എന്നും ആരാധകർ ചോദിക്കുന്നു. ഏത് ജോലിയും അതിന്റെ പൂർണ്ണതയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ ആത്മാർത്ഥത വീടിന്റെ അലങ്കാരത്തിലും പ്രകടമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ശോഭനയുടെ ഈ പുതിയ വേർഷൻ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.