
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ അവതാരകനായെത്തുന്ന ജനപ്രിയ റിയാലിറ്റി ഷോ ‘ബിഗ് ബോസ് 20’ വേദിയിൽ ഷർട്ട് അഴിച്ച സംഭവത്തിൽ പ്രതികരണവുമായി താരം. തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്കും ബോഡി ഷെയിമിംഗിനുമുള്ള മറുപടിയായാണ് കഴിഞ്ഞ എപ്പിസോഡിൽ സൽമാൻ വേദിയിൽ വെച്ച് ഷർട്ട് ഊരി തൻ്റെ ശരീരം കാണിച്ചത്. ഇപ്പോഴിതാ ആ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പുതിയ എപ്പിസോഡിൽ സൽമാൻ വ്യക്തമാക്കിയിരിക്കുകയാണ്.
താൻ അഹങ്കരിക്കാനോ സിക്സ് പാക്ക് ബോഡി പ്രകടിപ്പിക്കാനോ വേണ്ടിയല്ല അന്ന് ഷർട്ട് അഴിച്ചതെന്ന് സൽമാൻ പറഞ്ഞു. “തനിക്കിപ്പോൾ സിക്സ് പാക്ക് ബോഡി ഒന്നുമില്ലെന്നും താൻ അൺഫിറ്റാണെന്നും ആളുകളെ കാണിക്കാനാണ് അന്ന് അങ്ങനെയൊരു നീക്കം നടത്തിയത്. എന്നാൽ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. ഫിറ്റായ ശേഷമല്ല, മറിച്ച് പൂർണ്ണമായും അൺഫിറ്റായിരിക്കുന്ന അവസ്ഥയിലാണ് താൻ ശരീരം കാണിച്ചത്,” എന്ന് തമാശരൂപേണ സൽമാൻ വ്യക്തമാക്കി.
തന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള ഫിറ്റ്നസ് തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും പൂർണ്ണ രൂപത്തിലാകാൻ ഇനിയും ഒന്നോ രണ്ടോ മാസമെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഓൺലൈൻ ട്രോളുകളെയും ബോഡി ഷെയിമിംഗിനെയും പോസിറ്റീവായി നേരിടുന്ന സൽമാന്റെ ഈ തുറന്നുപറച്ചിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.












