“100 വാട്ടിന്റെ ബൾബായി നടന്ന ഞാൻ സീറോ വാട്ടായിപ്പോയി”; ‘ആട് 3’ സൈബർ ആക്രമണങ്ങളിൽ മനസ്സ് തുറന്ന് ഫുക്രു

മിനിസ്ക്രീനിലൂടെയും ബിഗ് ബോസിലൂടെയും ശ്രദ്ധേയനായ ഫുക്രു (കൃഷ്ണ ജീവ്), താൻ നേരിട്ട കടുത്ത സൈബർ ബുള്ളിയിംഗിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ജയസൂര്യ നായകനാകുന്ന ‘ആട് 3’ എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്നു എന്ന വിവരം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് വലിയ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നത്. സിനിമയിൽ മറ്റൊരു കഥാപാത്രത്തെ മാറ്റിയാണ് ഫുക്രു എത്തിയതെന്ന തെറ്റായ ധാരണയിലാണ് പലരും അധിക്ഷേപ കമന്റുകളുമായി എത്തിയത്.

സൈബർ ആക്രമണങ്ങൾ തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്ന് ഫുക്രു പറഞ്ഞു. “100 വാട്ടിന്റെ ബൾബ് കത്തിനിൽക്കുന്നതുപോലെ ആത്മവിശ്വാസത്തോടെ നടന്ന ഞാൻ പെട്ടെന്ന് സീറോ വാട്ടായി പോയ അവസ്ഥയിലായി” എന്നാണ് ഫുക്രു തന്റെ മാനസികാവസ്ഥയെ വിശേഷിപ്പിച്ചത്. തന്നെക്കുറിച്ച് വരുന്ന മോശം കമന്റുകൾ സിനിമയെ ബാധിക്കുമോ എന്നതായിരുന്നു തന്റെ ഏറ്റവും വലിയ പേടിയെന്നും, താൻ കാരണം ആ സിനിമയ്ക്ക് ഒരു ചീത്തപ്പേര് ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നതായും താരം വ്യക്തമാക്കി.

സിനിമയിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രം അതുവരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നുവെന്നും അത് പുറത്തുവിട്ടാൽ വിമർശനങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ഫുക്രു പറഞ്ഞു. തന്നെ എന്തിന് സിനിമയിൽ എടുത്തു എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉയർന്നത്. എങ്കിലും തളരാതെ മുന്നോട്ട് പോകുമെന്നും തന്നെ സ്നേഹിക്കുന്നവർ കൂടെയുണ്ടെന്ന സ്പിരിറ്റിൽ ഇത്തരം നെഗറ്റീവ് കമന്റുകളെ നേരിടുമെന്നും താരം കൂട്ടിച്ചേർത്തു.