“മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിക്കും”; വാക്കുകൾ അന്വർത്ഥമാക്കി മമ്മൂട്ടി, ‘ഭ്രമയുഗം’ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ

മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന നടൻ മമ്മൂട്ടിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നു. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ‘ഭ്രമയുഗം’ എന്ന ചിത്രം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. 2026 ഫെബ്രുവരി 12-ന് ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയത്തിൽ ‘വെയർ ദ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ (Where the Forest Meets the Sea) എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.

2022-ൽ ‘ഭീഷ്മപർവ്വം’ എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ, “നമുക്ക് എല്ലാവർക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ കൊണ്ടുവയ്ക്കണം” എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഈ വാക്കുകൾ ഇപ്പോൾ അന്വർത്ഥമായിരിക്കുകയാണ്. ലോകപ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയം പുറത്തുവിട്ട വീഡിയോയിൽ ‘മോളിവുഡ് ലെജൻഡ് മമ്മൂട്ടി’ എന്ന് താരത്തെ വിശേഷിപ്പിക്കുന്നുമുണ്ട്. ലോകോത്തര സിനിമകൾക്കൊപ്പം ഒരു മലയാള ചിത്രം ഇത്തരം ആഗോള പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത് ഇൻഡസ്ട്രിക്കൊന്നാകെ അഭിമാനകരമായ നേട്ടമാണ്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം, പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു ഹൊറർ മിസ്റ്ററി ത്രില്ലറാണ്. 2024-ൽ റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. കൊടുമൺ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടി നടത്തിയ പകർന്നാട്ടം ആഗോളതലത്തിൽ തന്നെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ മലയാള സിനിമ കൈവരിക്കുന്ന ഈ പുതിയ ഉയരങ്ങളെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.