
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ന് കേരളത്തിൽ വമ്പൻ റിലീസിന് ഒരുങ്ങുന്നു. ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം പുലർച്ചെ 6 മണിക്ക് ആരംഭിക്കും. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണി മുതൽ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും.
ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസിനാണ് അണിയറപ്രവർത്തകർ ഒരുക്കങ്ങൾ നടത്തുന്നത്. കർണാടകയിലും ചിത്രം വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലർ’ക്ക് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്നുവെന്നതാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന ആകർഷണം. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം നിരവധി പുതിയ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ‘ജയിലർ 2’ ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും സാന്നിധ്യമറിയിക്കുന്നുണ്ട്.
മോഹൻലാലിനെ മാസ് ലുക്കിൽ അവതരിപ്പിച്ച ട്രെയ്‌ലറും മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 6 മണിക്കുള്ള ആദ്യ പ്രദർശനം ഉൾപ്പെടെ കേരളത്തിലെ വമ്പൻ റിലീസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നതോടെ ആദ്യ ദിനത്തിലെ ബുക്കിംഗിലും വലിയ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും ‘ജയിലർ 2’ എന്ന സൂചനയാണ് നൽകിയത്. ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് അവതരണം, വൈകാരിക മുഹൂർത്തങ്ങൾ, നെൽസൺ ദിലീപ്കുമാറിന്റെ ബ്ലാക്ക് ഹ്യൂമർ എന്നിവയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ട്രെയ്‌ലറിന്റെ ശ്രദ്ധേയ ഘടകങ്ങളാണ്. ‘അല്ല ബോലലോ’ ഉൾപ്പെടെയുള്ള ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘ദിലീപ്’ എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് നിർണായക വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. നെൽസൺ ദിലീപ്കുമാറാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമ്മൽ എഡിറ്റിംഗും നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ ഡോ. കെ. കിരൺ, ആക്ഷൻ കൊറിയോഗ്രഫി ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈൻ പല്ലവി സിംഗ്, മുതുൽ ഹഫീസ് എന്നിവർ. സുരേൻ ജി സൗണ്ട് മിക്സും സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. എസ്. അളഗിയകൂത്തനും സൗണ്ട് ഡിസൈനിൽ പങ്കാളിയാണ്. ആൻഡ്രിയാസ് ബ്രൂക്കൽ കളറിസ്റ്റാണ്. അന്നപൂർണ സ്റ്റുഡിയോസാണ് ഡിഐ ലാബ്. സന്തോഷ് രാജുവാണ് വിഎഫ്എക്സ് പ്രൊഡ്യൂസർ. മേക്കപ്പ് പട്ടണം റഷീദും സി. ഹരിനാഥും. വി. സിത്തിരസുവാണ് സ്റ്റിൽസ്. കബിലൻ ചെല്ലയ്യ പബ്ലിസിറ്റി ഡിസൈൻ നിർവഹിക്കുന്നു. ഡി. രമേഷ് കുച്ചിരായറും ആർ. എസ്. സുരേഷ് മണിയനും പ്രൊഡക്ഷൻ കൺട്രോളർമാരാണ്. സുനിൽ റെഡ്ഡിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പിആർഒ ശബരി.











