
മലയാളികളുടെ പ്രിയതാരം ജയസൂര്യ വർഷങ്ങൾ നീണ്ട ‘താടി ലുക്ക്’ ഉപേക്ഷിച്ച് ഷാജി പാപ്പന്റെ ലുക്കിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിത ജയസൂര്യ.
സരിത തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. ‘താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് സരിത ജയസൂര്യ ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നീണ്ട താടി ലുക്കിലായിരുന്നു ജയസൂര്യ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഈ ലുക്കിന് വിട നൽകി ക്ലീൻ ഷേവ് ചെയ്തുള്ള നടന്റെ പുതിയ രൂപമാറ്റം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ആട് സിനിമയുടെ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രമായ ‘ആട് 3’ ക്കു വേണ്ടിയാണ് ജയസൂര്യയുടെ പുതിയ മേക്കോവർ. പുതിയ മേക്കോവറിനു വേണ്ടി ജയസൂര്യയുടെ താടി എടുക്കുന്ന ചിത്രങ്ങളും സരിത പങ്കുവച്ചു. താടിയെടുക്കുന്നതിന് മുൻപുള്ളതും ശേഷമുള്ളതുമായ ചിത്രങ്ങൾ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.











