
കൊച്ചി: യുവതാരനിര അണിനിരക്കുന്ന റോഡ് മൂവി ‘ഖജുരാഹോ ഡ്രീംസ്’ ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസിനെത്തുന്നു. ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് ‘യുഎ’ സർട്ടിഫിക്കറ്റ് ലഭിച്ചു.
അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനോജ് വാസുദേവാണ്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എം.കെ. നാസറിന്റെ ഗുഡ് ലൈൻ പ്രൊഡക്ഷൻസാണ് നിർമ്മാണം.
പുരാതന ശിൽപങ്ങളാൽ പ്രശസ്തമായ ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. യൂത്തിനെ ആകർഷിക്കുന്ന നർമ്മ മുഹൂർത്തങ്ങളും ദൃശ്യങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.
അതിഥി രവി, ചന്തുനാഥ്, ജോണി ആൻ്റണി, സോഹൻ സീനുലാൽ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ‘ശിലയൊരു ദേവിയായ്…’ എന്നാരംഭിക്കുന്ന ഗോപിസുന്ദർ ഈണമിട്ട ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി കഴിഞ്ഞു. ആഷിർവാദ് റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.











