
ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ആവേശകരമായ ദൃശ്യങ്ങൾ ബിഗ് ബി അമിതാഭ് ബച്ചൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉലകനായകൻ കമൽഹാസനൊപ്പമുള്ള ബച്ചന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഏകദേശം 40 വർഷങ്ങൾക്ക് ശേഷമാണ് ഈ രണ്ട് ഇതിഹാസ താരങ്ങൾ ഒരുമിച്ച് സ്ക്രീനിലെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ആദ്യ ഭാഗത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും തമ്മിലുള്ള കോംബിനേഷൻ രംഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം ഭാഗത്തിൽ ഇരുവരും നേർക്കുനേർ വരുന്ന രംഗങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പുതിയ ചിത്രങ്ങൾ നൽകുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ 35 ശതമാനത്തോളം ഭാഗങ്ങൾ ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനൊപ്പം തന്നെ പൂർത്തിയായിരുന്നു. ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
രണ്ടാം ഭാഗത്തിൽ വലിയ മാറ്റങ്ങളും സർപ്രൈസുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിൽ ദീപിക പദുകോൺ അവതരിപ്പിച്ച ‘സുമതി’ എന്ന കഥാപാത്രമായി രണ്ടാം ഭാഗത്തിൽ സായ് പല്ലവി എത്തിയേക്കുമെന്നും സൂചനകളുണ്ട്. പുരാണങ്ങളെയും ഭാവിയെയും കോർത്തിണക്കി 1000 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നേടിയ കൽക്കിയുടെ രണ്ടാം ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.











