
രണ്ടാംവിവാഹം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു നടി ലെന. ഇതിന്റെ കാരണം എന്തെന്ന് ആരാധകർക്ക് മുന്നിൽ ലെന വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ലെനയുടെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത് ഈ വര്‍ഷം ജനുവരിയിലായിരുന്നു.
വിവാഹക്കാര്യം വളരെ രഹസ്യമാക്കി വെച്ച ലെന അത് പ്രഖ്യാപിച്ചത് വളരെ പ്രധാനപ്പെട്ടൊരു ദിവസത്തിലായിരുന്നു. ഇപ്പോഴിതാ താന്‍ രഹസ്യമായി വിവാഹം കഴിക്കാനുണ്ടായ കാരണവും പിന്നീടത് തുറന്ന് പറയാതിരുന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് നടി. മലയാളത്തിലെ ഒരു മാഗസിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന.
വലിയ ടേണിങ് പോയിന്റ് ഉണ്ടായത് ജീവിതത്തിലാണെന്നാണ് ലെന പറയുന്നത്. തന്റെ രണ്ടാം വിവാഹത്തെപ്പറ്റിയും ലെന ഈയൊരു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് ലെനയുടെ ഭർത്താവ്.

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ തലവൻ കൂടിയാണ് പ്രശാന്ത് നായർ. നവംബര്‍ മുപ്പതിന് ആദ്യമായി സംസാരിച്ച താനും പ്രശാന്തേട്ടനും ജനുവരി പതിനേഴിന് വിവാഹിതരായി എന്നാണ് പ്രശാന്തുമായുള്ള രണ്ടാം വിവാഹത്തെപ്പറ്റി ലെന പറയുന്നത്. ജാതക പൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ഉത്തമത്തില്‍ ഉത്തമം എന്നാണ്. ഇവ ചേര്‍ത്ത് വെക്കുന്നത് രണ്ട് പേര്‍ക്കും വളരെ നല്ല ഫലങ്ങള്‍ തരുമെന്നും ഒട്ടും താമസിപ്പിക്കരുതെന്നുമായിരുന്നു എന്നും ലെന പറയുന്നു.
അങ്ങനെ ഈ വര്‍ഷത്തെ ആദ്യ മുഹൂര്‍ത്തം തന്നെ എടുത്തു എന്നാണ് ലെന പറയുന്നത്. ബെംഗളൂരുവിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ തങ്ങളുടെ അച്ഛനമ്മമാര്‍ മാത്രമാണ് പങ്കെടുത്തത്. ബെംഗ്ലൂരുവില്‍ പ്രശാന്തേട്ടന്റെ സീനിയര്‍ ഓഫിസേഴ്‌സിനും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്നും നടത്തി എന്നും ലെന പറയുന്നു. ആ സമയത്ത് ബഹിരാകാശ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചിരുന്നില്ല. താന്‍ സിനിമയിലായത് കൊണ്ട് വിവാഹ വാര്‍ത്ത പുറത്ത് വന്നാല്‍ തന്റെ ഭര്‍ത്താവ് ആരാണെന്ന് ആളുകള്‍ ചികയുമല്ലോ. അത് ‘ഗഗൻയാന്‍’ മിഷന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കും. അതിനാല്‍ വിവാഹക്കാര്യം ആരോടും താൻ പറഞ്ഞില്ല എന്നും ലെന പറയുന്നു.
മാത്രമല്ല കല്യാണം കഴിഞ്ഞ് നാല്‍പത് ദിവസത്തിന് ശേഷം ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ തങ്ങളുടെ വിവാഹക്കാര്യം അറിയിച്ച് ഇന്‍സ്റ്റാഗ്രാമില്‍ താനൊരു പോസ്റ്റിട്ടു എന്നും ലെന പറയുന്നു. വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹ റിസ്പഷന് പങ്കെടുത്ത ഷെഫ് പിള്ള പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായി മാറിയിരുന്നു.
അതുപോലെ തന്നെ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും ലെന സംസാരിക്കുന്നു. വിവാഹശേഷം ഒന്നിച്ച് യാത്രകളൊന്നും പോയിട്ടില്ല എന്നാണ് ലെന പറയുന്നത്. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ച റിപ്ലബ്ലിക് ഡേ ആയിരുന്നു. അന്ന് തിയേറ്ററില്‍ പോയി ഋത്വിക് റോഷന്‍ ഫൈറ്റര്‍ പൈലറ്റായി അഭിനയിച്ച ‘ഫൈറ്റര്‍’ എന്ന സിനിമ ഒരുമിച്ച് കണ്ടു.
സിനിമയിലൂടെ തനിക്ക് എയര്‍ഫോഴ്‌സ് ലൈഫ് മനസിലാക്കി തരാനായിരുന്നു എന്നും അതിനപ്പുറം ജോലിയുടെ ഒരു വിവരങ്ങളും പ്രശാന്ത് തന്നോട് പോലും പറയാറില്ലെന്നും ലെന പറയുന്നു. വിവാഹ ശേഷം ബെംഗ്ലൂരിവിലെ വീട്ടില്‍ പാചകവും വാചകവുമായിരുന്നു മെയിന്‍ എന്നും എല്ലാ ഭക്ഷണവും ആസ്വദിച്ച് കഴിക്കുമെങ്കിലും ‘ഗഗന്‍യാന്‍’ പ്രശാന്തിന്റെത് വളരെ ചിട്ടയായ ജീവിതമാണെന്നും ലെന പറയുന്നു.
അതുകൊണ്ട് കൃത്യമായ ഡയറ്റിലാണ് പ്രശാന്ത് . മാത്രവുമല്ല പ്രശാന്തിന്റെ ചിട്ടകളിലുള്ള ഡിസിപ്ലിന്‍ ലെവല്‍ നമ്മളെ ഞെട്ടിക്കും എന്നും ലെന വെളിപ്പെടുത്തുന്നു. പ്രശാന്തിന്റെ ഭക്ഷണം, ഉറക്കം, വ്യായാമം, പഠനം എല്ലാം കിറു കൃത്യമായിരിക്കും. പ്രശാന്തിന് വേണ്ടി വീട്ടില്‍ തന്നെ പാചകം ചെയ്ത് താന്‍ വളരെ നല്ലൊരു കുക്കായി. പാചകം തനിക്ക് വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത് കല്യാണത്തിന് ശേഷമാണ്. എക്‌സ്‌പേര്‍ട്ട് കുക്കാണെന്ന് പറഞ്ഞ് പ്രശാന്തേട്ടന്‍ തന്റെ കൈ പുണ്യത്തിന് നൂറ് മാര്‍ക്കും തന്നിട്ടുണ്ടെന്ന് ലെന കൂട്ടച്ചേര്‍ത്തു. മേക്കോവര്‍ നടത്തി മലയാള സിനിമയെ ഞെട്ടിക്കുന്ന നടി കൂടിയാണ് ലെന. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് ലെന എന്ന നടിയുടെ പ്രത്യേകത.











