‘മലയാള സിനിമയ്ക്ക് എന്നെ ആവശ്യമില്ല, അവസരങ്ങൾ ലഭിക്കാത്തതിന് കാരണം അതാണ്’; തുറന്നുപറഞ്ഞ് സ്വാസിക

‘മലയാള സിനിമയ്ക്ക് എന്നെ ആവശ്യമില്ല, അവസരങ്ങൾ ലഭിക്കാത്തതിന് കാരണം അതാണ്’; തുറന്നുപറഞ്ഞ് സ്വാസിക

മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചുള്ള തന്റെ വിഷമവും നിലപാടും തുറന്നുപറഞ്ഞ് നടി സ്വാസിക. മലയാള സിനിമയ്ക്ക് തന്നെ ആവശ്യമില്ലാത്തതാണ് അവസരങ്ങൾ ലഭിക്കാത്തതിന് പിന്നിലെ കാരണമെന്നാണ് താരത്തിന്റെ തുറന്നുപറച്ചിൽ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിൽ സിനിമകൾ ചെയ്യാത്തതിന്റെ കാരണം എന്താണെന്ന ചോദ്യം പലപ്പോഴും നേരിടാറുണ്ടെന്നും എന്നാൽ അതിന് കൃത്യമായൊരു ഉത്തരം തനിക്കറിയില്ലെന്നും സ്വാസിക പറഞ്ഞു. മലയാള സിനിമയിൽ അഭിനയിക്കില്ലെന്നോ തമിഴ്, തെലുങ്ക് സിനിമകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നോ താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.

“എനിക്ക് അവസരം ലഭിക്കാത്തതിന്റെ കാരണം മലയാള സിനിമയ്ക്ക് എന്നെ വേണ്ട എന്നുള്ളതാണ്. അതാണ് ഞാൻ മനസിലാക്കിയിട്ടുള്ള സത്യം. ആരെയും പേടിക്കേണ്ട കാര്യമില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പേടിക്കേണ്ടത്. എന്റെ അഭിപ്രായവും വിഷമവും പരിഭവവുമാണ് ഞാൻ തുറന്നുപറഞ്ഞത്. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളെക്കുറിച്ച് ഇൻഡസ്ട്രിയിലുള്ളവർ നല്ല അഭിപ്രായങ്ങൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ അവസരങ്ങൾ നൽകാൻ കഴിയാത്തതിന്റെ കാരണം എന്താണെന്ന് അവർക്കു മാത്രമേ അറിയൂ,” സ്വാസിക പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’യാണ് സ്വാസികയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സിനിമയിൽ ദുൽഖറിന്റെ സഹോദരിയുടെ വേഷത്തിലാണ് താരം എത്തിയത്. പ്രായത്തിൽ തന്നേക്കാൾ ഇളയതാണെങ്കിലും ചിത്രത്തിൽ സഹോദരിയുടെ വേഷം ചെയ്യാൻ സ്വാസിക തയ്യാറായെന്നും അവരുടെ അഭിനയം ഏറെ സ്വാഭാവികമായിരുന്നുവെന്നും ദുൽഖർ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞിരുന്നു.