മമിത ബൈജുവിന്റെ റെക്കോർഡ് നേട്ടം: ഇന്ത്യൻ സിനിമയുടെ നെറുകയിൽ മറ്റൊരു മലയാളി താരംകൂടി

മലയാള സിനിമയിലൂടെയെത്തി ഇന്ത്യൻ സിനിമാലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മമിത ബൈജു ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ഒരു കലണ്ടർ വർഷത്തിൽ 200 കോടി രൂപയിലധികം കളക്ഷൻ നേടിയ മൂന്ന് ചിത്രങ്ങളുടെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യൻ നടിയെന്ന അപൂർവ്വ ബഹുമതിയാണ് മമിത സ്വന്തമാക്കിയത്. ബോളിവുഡ് സൂപ്പർതാരങ്ങളായ ദീപിക പദുക്കോൺ, ആലിയ ഭട്ട് എന്നിവർക്ക് മാത്രം അവകാശപ്പെടാൻ കഴിയfരുന്ന ഈ നേട്ടത്തിലേക്കാണ് മലയാളത്തിന്റെ സ്വന്തം താരം ഇപ്പോൾ ചുവടുവെച്ചിരിക്കുന്നത്.

കേവലം 23 ദിവസങ്ങളുടെ ഇടവേളയിലാണ് മമിതയുടെ മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിലെത്തി ഈ അത്ഭുത വിജയം സ്വന്തമാക്കിയത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. ജൂലൈ 23-ന് റിലീസ് ചെയ്ത വിജയ് ചിത്രം ‘ജനനായകൻ’ ആണ് ഈ വിജയക്കുതിപ്പിന് തുടക്കം കുറിച്ചത്. ആഗോളതലത്തിൽ 324.38 കോടി രൂപ വാരിക്കൂട്ടിയ ചിത്രം ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി.

തുടർന്ന് സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ എത്തിയ സൂര്യ ചിത്രം ‘വിശ്വനാഥ് ആന്റ് സൺസ്’ ആഗോളതലത്തിൽ 203.26 കോടി രൂപയാണ് നേടിയത്. ഇതിനു പിന്നാലെ ഓണം റിലീസായി എത്തിയ നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കൂടി എത്തിയതോടെ മമിത തന്റെ ഹാട്രിക് ബോക്സ് ഓഫീസ് വിജയം പൂർത്തിയാക്കി. നിലവിൽ 238.05 കോടി രൂപ നേടിയ ഈ മലയാള ചിത്രം വൈകാതെ 250 കോടി ക്ലബ്ബിൽ ഇടംനേടും.

2013-ൽ ദീപിക പദുക്കോണും (‘യേ ജവാനി ഹേ ദീവാനി’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഗോലിയോം കി രാസലീല രാം-ലീല’), 2022-ൽ ആലിയ ഭട്ടും (‘ഗംഗുഭായ് കഠിയാവാഡി’, ‘ആർ.ആർ.ആർ’, ‘ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ’) സമാനമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ ദീപികയുടെയും ആലിയയുടെയും ചിത്രങ്ങൾ പാൻ-ഇന്ത്യ തലത്തിലും വടക്കേ ഇന്ത്യൻ വിപണിയിലും വലിയ വിജയം നേടിയപ്പോൾ, മമിതയുടെ ചിത്രങ്ങൾ അതത് പ്രാദേശിക വിപണികളിൽ നിന്നുമാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്.

‘ജനനായകൻ’, ‘വിശ്വനാഥ് ആന്റ് സൺസ്’ എന്നീ ചിത്രങ്ങൾ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നും, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കേരളത്തിൽ നിന്നുമാണ് ഈ കളക്ഷൻ നേടിയെടുത്തത്. വടക്കേ ഇന്ത്യൻ വിപണികളുടെ പിന്തുണയില്ലാതെ, പ്രാദേശിക വിപണികളുടെ മാത്രം കരുത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് മമിത ബൈജുവിന്റെ കരിയറിലെ സവിശേഷമായ ഒരു നാഴികക്കല്ലായി മാറുകയാണ്.