
നടന് നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ വേദന മറയുന്നതിന് മുന്‍പേ തന്നെ മറ്റൊരു ദുഖവാര്‍ത്ത കൂടി മലയാളികളെ തേടിയെത്തുകയായിരുന്നു. കെ.പി.എ.സി ലളിത എന്ന അതുല്യ പ്രതിഭകൂടി അരങ്ങൊഴിഞ്ഞതോടെ മറ്റൊരു യുഗത്തിനാണ് അന്ത്യമാവുന്നത്. ഈ മണ്ണില്‍ നിന്ന് പോയാലും മലയാളി മനസ്സുകളില്‍ നിന്ന് ഇവരുടെ മുഖങ്ങള്‍ ഒരുകാലത്തും മായില്ല എന്നത് ഉറപ്പാണ്.

ഓര്‍ത്തുവെയ്ക്കാന്‍ ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ചാണ് നെടുമുടി വേണുവും ലളിതയും നമ്മെ വിട്ടുപോയത്. ഇപ്പോഴിതാ ആ മുഖങ്ങള്‍ ഒരിക്കല്‍കൂടി ബിഗ്സ്ക്രീനില്‍ കണ്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നുപോയ നിമിഷത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചെത്തുന്ന ഭീഷ്മപര്‍വ്വം എന്ന സിനിമയില്‍ നെടുമുടി വേണുവും കെപിഎസി ലളിതയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഇവരെ ഉള്‍പ്പെടുത്തിയുള്ള സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ താന്‍ ഇമോഷണലായി എന്നാണ് മമ്മൂട്ടി പറഞ്ഞത്. കഴിഞ്ഞ ദിവസം ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയില്‍ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് മമ്മൂട്ടി ഇതേ കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ”നിങ്ങള്‍ ഓര്‍ക്കുന്നില്ലേ അവരെ, വളരെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് അവര്‍.

ഞങ്ങളെ സംബന്ധിച്ച് ഇനി ഈ ഒരു സിനിമയിലൂടെ അവര്‍ ഉള്ളൂ എന്ന സങ്കടമാണ്. ഒരുപാട് സിനിമകളില്‍ ഒരുപാട് കഥാപാത്രണങ്ങളെ അവതരപ്പിക്കേണ്ടവരായിരുന്നു. ട്രെയിലറില്‍ പോലും അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇമോഷണലായി” മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ കാര്‍ത്ത്യായനി അമ്മയായി എത്തുന്ന കെപിഎസി ലളിതയേയും ‘ഇരവിപ്പിള്ള’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെത്തുന്ന നെടുമുടി വേണുവിനേയും ഒരിക്കല്‍കൂടി ബിഗ്സ്ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍.











