മമ്മൂട്ടിയും ഡബ്ബിങ് പൂർത്തിയാക്കി; ‘പേട്രിയറ്റ്’ അവസാന ഘട്ടത്തിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ (Patriot) റിലീസിനൊരുങ്ങുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോഹൻലാലും ഡബ്ബിങ് പൂർത്തിയാക്കിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഏപ്രിൽ 23-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും മുഴുനീള വേഷങ്ങളിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. ഒരു സ്പൈ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ശ്രീലങ്കയിലായിരുന്നു ചിത്രീകരിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താൻ എത്തുന്നതെന്ന് ഫഹദ് ഫാസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം വിവിധ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.