
എ കെ സാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ക്രൈം ഡ്രാമ ചിത്രമാണ് പുതിയ നിയമം. ചിത്രത്തിൽ മമ്മൂട്ടിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് റോഷൻ മാത്യു. മലയാളവും കടന്ന് ബോളിവുഡിലും റോഷൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചത്താ പച്ചയാണ് റോഷന്റേതായി ഒടുവിൽ തിയറ്റുകളിലെത്തിയ ചിത്രം. ‘ചത്താ പച്ച’യിൽ മമ്മൂട്ടിയും കാമിയോ റോളിൽ എത്തിയിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നടൻ റോഷൻ മാത്യു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചത്താ പച്ചയുടെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു റോഷൻ. “ഞാൻ പുതിയ നിയമത്തിൽ അഭിനയിക്കുമ്പോൾ രണ്ടാമത്തെ ദിവസമായിരുന്നു മമ്മൂക്കയുമായുള്ള കോമ്പിനേഷൻ സീനിന്റെ ഷൂട്ട്. അതിന് മുൻപ് പരസ്യങ്ങളൊക്കെ മാത്രമാണ് ഞാൻ ചെയ്തിരുന്നത്.
ഞാൻ പുതിയ നിയമം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്കെന്തോ ശരിയാകാത്തതു പോലെ തോന്നി. എന്തോ സെറ്റ് ആകാത്തതു പോലെ, അപ്പോൾ എനിക്ക് പേടിയൊക്കെ തോന്നി. പിന്നെ ഞാൻ മുൻപ് സിനിമയൊന്നും ചെയ്തിട്ടില്ല, സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, സിനിമ ഞാൻ ആഗ്രഹിച്ചിട്ടുമില്ലാത്ത ഒരാളായിരുന്നു. അപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, ഇതിൽ വേറെ ഒരുപാട് പ്രോസസുകളുണ്ടല്ലോ. നാടകം പോലെ അല്ലല്ലോ, ഇതിൽ എഡിറ്റിങ് ഉണ്ട്, പോസ്റ്റ് പ്രൊഡക്ഷൻ ഉണ്ട്. അതിലൊക്കെയായിട്ട് ഇത് ശരിയായി കൊള്ളും എന്ന് ഞാൻ വിചാരിച്ചു.
പിന്നെ രണ്ടാമത്തെ ദിവസം എന്റെയും മമ്മൂക്കയുടെയും ഷൂട്ട് വന്നു. അദ്ദേഹത്തിന്റെ പെർഫോമൻസ് വളരെ അടുത്ത് നിന്ന് ഞാൻ ഇങ്ങനെ കാണുകയാണ്. അതുകണ്ടപ്പോൾ എനിക്ക് തോന്നി, ഞാൻ എന്നോട് പറഞ്ഞതൊക്കെ തെറ്റാണെന്ന്. ചെയ്യുന്ന സാധനം ചെയ്യുന്ന സമയത്ത് തന്നെ കറക്ടായിട്ട് ഫീൽ ചെയ്യണം. കാരണം മമ്മൂക്ക അന്ന് പെർഫോം ചെയ്തപ്പോൾ അതിനകത്ത് അതുവരെ ആ കഥയിൽ സംഭവിച്ച കാര്യങ്ങളും ആ കഥാപാത്രവും അതിലെ ഓരോ നിമിഷങ്ങളും ഉണ്ടായിരുന്നു. ഇത് 2015 അവസാനമാണ് സംഭവിക്കുന്നതെന്നും റോഷൻ പറയുന്നു.











