ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിനെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതി കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്ന് പ്രേക്ഷകർ വിധിയെഴുതി. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന സുഷിൻ ശ്യാമിന്റെ വാക്കുകൾ ചിത്രം കണ്ടതോടെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. വിഷ്വൽ ക്വാളിറ്റികൊണ്ടും സൗണ്ട് ട്രാക്കുകൊണ്ടും കഥാപശ്ചാത്തലം, ദൃശ്യാവിഷ്ക്കാരം എന്നിവകൊണ്ടും മികവ് പുലർത്തിയ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു എക്സ്പീരിയൻസാണ് സമ്മാനിച്ചിരിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്നു.

ഇപ്പോൾ നായകന്മാരായ 11 പേരിൽ ചർച്ചയാകുന്ന പേര് ഖാലിദ് റഹ്മാന്റെയാണ്. ചിത്രത്തിൽ ഒരു ഡ്രൈവർ കഥാപാത്രത്തെയാണ് ഖാലിദ് റഹ്‍മാൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗുകളിൽ ഒന്ന് എന്നാണ് അഭിപ്രായം ഉയരുന്നത്. ഗണപതി ആയിരുന്നു സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടർ. ഖാലിദിൻറെ പേര് സോഷ്യൽ മീഡിയയിൽ കൂടുതലായി ചർച്ച ചെയ്യപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ പ്രമുഖ ചില റിവ്യൂവർമാർ ചിത്രത്തിലെ ഡ്രൈവർ കഥാപാത്രത്തെ അവതരിപ്പിച്ചയാൾ നന്നായി എന്നല്ലാതെ ഖാലിദ് റഹ്മാൻ എന്ന പേര് പറഞ്ഞിരുന്നില്ല.
മലയാളത്തിന് ഹിറ്റുകൾ സമ്മാനിച്ച ഒരു സംവിധായകന്റെ പേര് റിവ്യൂവർമാർക്ക് അറിയില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പ്രശസ്ത ചലച്ചിത്ര- നാടക നടനായിരുന്ന വി പി ഖാലിദിൻറെ മകൻ ഖാലിദ് റഹ്‍മാൻ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻറെ അസിസ്റ്റൻറ് ആയാണ് സിനിമയിലേക്ക് എത്തുന്നത്. അനിൽ രാധാകൃഷ്ണൻ മേനോൻറെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്‍കരാ: എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളും അഭിനയിച്ചു.

ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്‍മാൻ സംവിധായകനായി അരങ്ങേറിയത്. മമ്മൂട്ടിക്കൊപ്പമുള്ള ഉണ്ടയായിരുന്നു രണ്ടാം ചിത്രം. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ലവ്, വമ്പൻ വിജയം നേടിയ ടൊവിനോ തോമസ് ചിത്രം തല്ലുമാല എന്നിവയും സംവിധാനം ചെയ്തത് ഖാലിദ് റഹ്‍മാൻ ആണ്.











