
മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവ് ഗോകുലം ഗോപാലൻ, സൂപ്പർ താരം മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് നടത്തിയ രസകരമായ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ ‘ആനയും പാപ്പാനും’ തമ്മിലുള്ള ബന്ധത്തോടാണ് അദ്ദേഹം ഉപമിച്ചത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘പ്രതിഛായ’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ.
ആനയെ തെളിക്കാൻ പാപ്പാന് മാത്രമേ സാധിക്കൂ എന്നും, പാപ്പാന് മാത്രമേ ആനയുടെ അടുത്ത് പോകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലും ആന്റണിയും തമ്മിൽ അത്തരമൊരു വലിയ ഐക്യമാണെന്നും ആ ബന്ധം എന്നും നിലനിൽക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആ ബന്ധത്തിൽ നിന്ന് സിനിമാ ലോകത്തിന് ഇനിയും ഒരുപാട് കാര്യങ്ങൾ ലഭിക്കാനുണ്ടെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാൽ എന്ന നടന്റെ പ്രതിഭയെ വാനോളം പുകഴ്ത്തിയ ഗോകുലം ഗോപാലൻ, ലാലിനെ സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വമായും ഒരു അമാനുഷിക ശക്തിയായുമാണ് വിശേഷിപ്പിച്ചത്. സാധാരണ മനുഷ്യഗണത്തിൽ പെടുത്താൻ കഴിയാത്ത ഒരു അത്ഭുതമാണ് മോഹൻലാൽ എന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് മദ്രാസിൽ വെച്ച് മോഹൻലാലിനെ ആദ്യമായി കണ്ടപ്പോൾ തന്നെ അദ്ദേഹം ലോകമറിയുന്ന വലിയ കലാകാരനാകുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഗോകുലം ഗോപാലൻ ഓർത്തെടുത്തു.











