മോഹൻലാൽ – ജൂഡ് ആന്തണി ചിത്രം പ്രഖ്യാപിച്ചു; കരിയറിലെ 370-ാം ചിത്രം ആഷിഖ് ഉസ്മാൻ നിർമിക്കും

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും സംവിധായകൻ ജൂഡ് ആന്തണി ജോസഫും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മോഹൻലാലിന്റെ കരിയറിലെ 370-ാം ചിത്രമായി (L370) ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഘോഷ അന്തരീക്ഷത്തിലുള്ള ‘L370’ ടൈറ്റിൽ പോസ്റ്റർ മോഹൻലാലും നിർമാതാവ് ആഷിഖ് ഉസ്മാനും ഒരേസമയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മോഹൻലാലും ആഷിഖ് ഉസ്മാനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുൻപാണ് ഈ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫാണ്. ഈ ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിലും എത്തിയിരുന്നു. 50 കോടി ക്ലബ്ബിൽ ഇടംനേടിയ ‘തുടക്കം’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതിനിടയിലാണ് ജൂഡ് തന്റെ അടുത്ത ചിത്രവുമായി വീണ്ടും എത്തുന്നത്.

മോഹൻലാലിന്റെ കരിയറിലെ 366-ാം ചിത്രമായ ‘അതിമനോഹരം’ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇതിന്റെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ഗംഗ’ എന്ന ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടിരുന്നു. ശ്രീഗോകുലം മൂവീസ് നിർമിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യ്ക്കും ജൂഡ് ചിത്രത്തിനുമിടയിൽ മോഹൻലാലിന്റേതായി മറ്റ് രണ്ട് ചിത്രങ്ങൾ കൂടി വരുന്നുണ്ടെന്നാണ് സൂചന. അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജീത്തു ജോസഫ് എന്നിവരുമായുള്ള പുതിയ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള സൂചനകളും താരം നേരത്തെ നൽകിയിരുന്നു.

മോഹൻലാലിനോടുള്ള ജൂഡ് ആന്തണിയുടെ കടുത്ത ആരാധന നേരത്തെ തന്നെ സിനിമ ലോകത്ത് ചർച്ചയായ ഒന്നാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റിന് താഴെ “അടുത്ത ഫാൻബോയ് കത്തിക്കൽ ലോഡിങ്” എന്നാണ് ആരാധകരുടെ പ്രധാന കമന്റുകൾ. ചിത്രത്തെക്കുറിച്ചുള്ള മറ്റ് കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടും