‘ചത്ത പച്ച’യിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാലും? ആവേശത്തിൽ ആരാധകർ

റസ്ലിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യത്തെ മുഴുനീള ആക്ഷൻ കോമഡി ചിത്രം ‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’ വാർത്തകളിൽ നിറയുന്നു. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, സൂപ്പർസ്റ്റാർ മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സിനിമയിൽ മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങളും ഒന്നിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.

ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ അതിലെ ‘വാൾട്ടർ’ എന്ന നിഗൂഢമായ കഥാപാത്രം മമ്മൂട്ടിയാണെന്ന് ആരാധകർ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായ മോഹൻലാലിന്റെ പുതിയ വീഡിയോ ചർച്ചകൾക്ക് വഴിമാറ്റിയത്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വീഡിയോയിൽ, “ഈ ടീമിനൊപ്പം ഞാനുമുണ്ട്, പിന്നെ എന്റെ അടുത്തൊരു സുഹൃത്തും” എന്ന് മോഹൻലാൽ പറയുന്നതാണ് ആരാധകരെ ആവേശത്തിലാക്കിയത്. ആ സുഹൃത്ത് മമ്മൂട്ടിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അർജുൻ അശോകനും റോഷൻ മാത്യുവിനുമൊപ്പം വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ജനുവരി 22-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ, മമ്മൂട്ടിയും മോഹൻലാലും ഒരേ സിനിമയിൽ അതിഥി വേഷങ്ങളിൽ എത്തുന്നു എന്നത് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും താരങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം അണിയറ പ്രവർത്തകർ ഇതുവരെ നൽകിയിട്ടില്ല.