
മലയാളികളെ ഏറെ സ്വാധീനിച്ച കലാകാരനാണ് കലാഭവൻ മണി. തനതായ അഭിനയശൈലി കൊണ്ടും നാടൻപാട്ടുകൾ കൊണ്ടും സാധാരണക്കാരോടുള്ള ഊഷ്മളമായ ഇടപെടൽ കൊണ്ടും അദ്ദേഹം ജനമനസ്സുകളിൽ ‘കറുത്ത മുത്തായി’ എന്നെന്നും നിറഞ്ഞുനിൽക്കുന്നു. വളരെ സാധാരണ നിലയിൽ നിന്ന് വളർന്ന് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മണിയുടെ ഓർമ്മകൾക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള കുറിപ്പോടെ, ‘സമ്മർ ഇൻ ബത്‌ലഹേം’ സിനിമയുടെ 4K റീമാസ്റ്റേർഡ് പതിപ്പിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി.
“കലാഭവൻ മണിക്ക് ഹൃദയങ്ങളിൽ നിന്നും” എന്ന സ്നേഹസ്പർശമുള്ള കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഇരുപത്തിയേഴ് വർഷങ്ങൾക്കിപ്പുറം ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും ഒത്തുചേരുന്ന ഈ എക്കാലത്തെയും മികച്ച ഇമോഷണൽ ക്ലാസിക് ഡിസംബർ 12-ന് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമ്മിച്ച ചിത്രമാണിത്.
മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി തുടങ്ങി വലിയൊരു താരനിര അണിനിരന്ന ഈ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തിയിരുന്നു.
കോക്കേഴ്‌സ് ഫിലിംസിനൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ‘സമ്മർ ഇൻ ബത്‌ലഹേം’ 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്തിരിക്കുന്നത്.
സഞ്ജീവ് ശങ്കർ ഛായാഗ്രഹണവും എൽ. ഭൂമിനാഥൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിലെ വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.











