
തമിഴ് താരം ആര്യയുടെ കരിയറിലെ നാല്‍പതാമത് ചിത്രമായ ‘ഹലോ കാതൽ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളികളുടെ പ്രിയതാരം നിഖില വിമലും വൈഷ്ണവി ചൈതന്യയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പ്രണയത്തിനും യാത്രകൾക്കും ഒപ്പം ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ റൊമാന്റിക് എന്റർടൈനർ ആയിരിക്കും ചിത്രമെന്ന് വ്യക്തമാക്കുന്ന ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകൻ നിഖിൽ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ ‘ദി ഷോ പീപ്പിൾ’ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഡിസംബർ 4-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്യയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളായ ‘മദ്രാസപട്ടണം’, ‘രാജാ റാണി’ എന്നിവയ്ക്ക് ശേഷം ജി.വി. പ്രകാശ് കുമാർ വീണ്ടും ആര്യ ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ആരാധകരിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ജീവാ ശങ്കർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിനു നെപ്പോളിയനും സംഘട്ടന രംഗങ്ങൾ സ്റ്റണ്ട് സിൽവയുമാണ് നിർവ്വഹിക്കുന്നത്.












