‘നാഴൂരി പാല്..’സൈജുകുറിപ്പിന്റെ ‘പൊറാട്ടുനാടകം’ത്തിലെ ആദ്യ ഗാനം എത്തി!!

അന്തരിച്ച സംവിധായകന്‍ സിദ്ദീഖിന്റെ എമിറേറ്റ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ചിത്രമാണ് 5G ‘പൊറാട്ടുനാടകം’. സൈജു കുറുപ്പ്, രാഹുല്‍ മാധവ്, സുനില്‍ സുഗത, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ബാബു അന്നൂര്‍, ഷുക്കൂര്‍ വക്കീല്‍, ചിത്രാ ഷേണായ്, ചിത്ര നായര്‍, ഐശ്വര്യ, ജിജിന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നൗഷാദ് സാഫ്‌റോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ടീം. ‘നാഴൂരി പാല് ‘എന്നു തുടങ്ങുന്ന പാട്ടാണ് എത്തിയിരിക്കുന്നത്. സംവിധായകന്‍ നാദിര്‍ഷായാണ് സോഷ്യല്‍ മീഡിയയിലൂടെ പാട്ട് പുറത്തുവിട്ടത്. ബി. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രാഹുല്‍ രാജാണ്. രാഹുല്‍ രാജും, സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ഹൃദ്യമായ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. വടക്കന്‍ കേരളത്തിലെ ഗ്രാമീണ സൗന്ദര്യമാണ് ദൃശ്യങ്ങളിലുള്ളത്. ക്യാമറ നൗഷാദ് ഷെരീഫാണ്.

ഗോപാലപുര എന്ന വടക്കന്‍ കേരളത്തിലെ ഒരു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ അബു എന്ന സാധാരണക്കാരന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. സുനീഷ് വാരനാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കാഞ്ഞങ്ങാടും പരിസരങ്ങളിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.