
സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം ‘ജയിലർ 2’ ചിത്രീകരണ വേളയിലുണ്ടായ അവിസ്മരണീയമായ അനുഭവം പങ്കുവെച്ച് മലയാളി താരം സുരാജ് വെഞ്ഞാറമൂട്. തന്റെ ഷോട്ടുകൾ കഴിഞ്ഞിട്ടും കാരവനിൽ പോയി വിശ്രമിക്കാതെ, പുലർച്ചെ രണ്ട് മണിവരെ തന്റെ അഭിനയം നേരിട്ട് കാണാനായി രജനീകാന്ത് സെറ്റിൽ തന്നെ കാത്തിരുന്നുവെന്ന് സുരാജ് വെളിപ്പെടുത്തി. താരം അഭിനയിച്ചു തീർന്നയുടൻ രജനി എഴുന്നേറ്റുനിന്ന് കയ്യടിച്ച ആ നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം ആറ് മുതൽ പിറ്റേന്ന് പുലർച്ചെ വരെ നീണ്ട ഒരു കോമ്പിനേഷൻ രംഗത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഈ സംഭവമെന്ന് സുരാജ് പറയുന്നു. രജനിയുടെ ഭാഗങ്ങൾ കഴിഞ്ഞിട്ടും തന്റെ സോളോ സീൻ ചിത്രീകരിക്കുന്നത് കാണാനായി അദ്ദേഹം അവിടെത്തന്നെ തുടരുകയായിരുന്നു. സംവിധായകൻ ‘കട്ട്’ പറഞ്ഞയുടൻ രജനീകാന്ത് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും പിന്നാലെ സെറ്റിലുണ്ടായിരുന്ന മുഴുവൻ പേരും ഒപ്പം ചേരുന്നതുമായ കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്ന് സുരാജ് വ്യക്തമാക്കി.
അഭിനയത്തിന് തനിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിൽ നിന്ന് ലഭിച്ച ഈ പ്രശംസ തനിക്ക് ഒരു ഓസ്കർ അവാർഡിനേക്കാൾ വിലമതിപ്പുള്ളതാണെന്ന് സുരാജ് സാറിനോട് പറഞ്ഞതായും അദ്ദേഹം ഓർമ്മിച്ചു. ഇത്രയും വലിയൊരു താരം സഹപ്രവർത്തകരുടെ പ്രകടനം കണ്ട് അവരെ പ്രോത്സാഹിപ്പിക്കാൻ കാണിക്കുന്ന ഈ മനസ്സ് വലിയൊരു പ്രചോദനമാണെന്നും താരം പറഞ്ഞു.












