
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യെ സന്ദർശിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ചെന്നൈയിലെ ഓഫീസിലെത്തിയാണ് ഇരുതാരങ്ങളും മുഖ്യമന്ത്രിയെ കണ്ടത്. സന്ദർശനത്തിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഏറെ ബഹുമാനത്തോടും സ്നേഹത്തോടുമാണ് വിജയ് തങ്ങളെ സ്വീകരിച്ചതെന്ന് താരങ്ങൾ കുറിച്ചു. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള അദ്ദേഹത്തിന്റെ നിലപാടുകളെയും വിജയത്തെയും പ്രശംസിച്ച ഇരുതാരങ്ങളും, അദ്ദേഹത്തിനൊപ്പമുള്ള സമയം വളരെ വിലപ്പെട്ടതായിരുന്നുവെന്നും വ്യക്തമാക്കി. താരങ്ങളുടെ പുതിയ ചിത്രമായ ‘രണബലി’യുടെ വിശേഷങ്ങളും സന്ദർശനവേളയിൽ പങ്കുവെച്ചതായാണ് വിവരം.
വിജയ് രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷമുള്ള ഈ സന്ദർശനം സോഷ്യൽ മീഡിയയിലും സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സന്ദർശനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. ഇരുവർക്കും വിജയ് ആശംസകൾ നേർന്നു.












